ലണ്ടൻ: മാഞ്ചസ്റ്റർ യുനൈറ്റഡ് ക്ലബിന്‍റെ പരിശീലകൻ ആയ എറിക് ടെൻ ഹാഗിനെ പുറത്താക്കി. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ക്ലബിന്‍റെ മോശം ഫോമിനെ തുടർന്നാണ് നടപടി. ലണ്ടനിൽ വെച്ച് ഞായറാഴ്ച നടന്ന മത്സരത്തിൽ വെസ്റ്റ്ഹാമിനോടും യുനൈറ്റഡ് തോറ്റിരുന്നു. ഒമ്പത് ലീഗ് മത്സരങ്ങളിൽ യുനൈറ്റഡിന്‍റെ നാലാം തോൽവിയാണിത്. സീസണിലെ മോശം പ്രകടനത്തിൽ ടെൻ ഹാഗിനെ പുറത്താക്കിയേക്കുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. രണ്ടര വർഷം ക്ലബിനെ പരിശീലിപ്പിച്ചാണ് ഇപ്പോൾ ഡച്ചുകാരൻ കോച്ച് പുറത്തുപോകുന്നത്.
ടെൻ ഹാഗിനെ പുറത്താക്കാനുള്ള തീരുമാനം കൈകൊണ്ടത് തിങ്കളാഴ്ച ചേർന്ന ക്ലബ് ബോർഡ് യോഗമാണ്. അതേസമയം റൂഡ് വാൻ നിസ്റ്റൽറൂയ് താൽക്കാലിക പരിശീലകനാകും. നിലവിൽ കബ്ലിന്‍റെ അസിസ്റ്റന്‍റ് പരിശീലകനാണ്. പ്രീമിയർ ലീഗിൽ നിലവിൽ 11 പോയന്റുമായി 14ാം സ്ഥാനത്താണ് യുനൈറ്റഡ്.
Also Read : മഴയും ബംഗാളും വില്ലന്മാർ, കേരളത്തിന്റെ രക്ഷകനായി സക്സേന
യുനൈറ്റഡിന്‍റെ തോൽവി വെസ്റ്റ് ഹാമിനോട് ഒന്നിനെതിരെ രണ്ടു ഗോളിനാണ്. ഇൻജുറി ടൈമിൽ വഴങ്ങിയ പെനാൽറ്റിയാണ് ടീമിന് തിരിച്ചടിയായത്. ക്രിസെൻസിയോ സമ്മർവില്ലെ, ജെറാഡ് ബോവൻ എന്നിവരാണ് വെസ്റ്റ്ഹാമിനായി ഗോൾ നേടിയത്. കാസെമിറോയുടെ വകയായിരുന്നു യുനൈറ്റഡിന്‍റെ ആശ്വാസ ഗോൾ. എന്നാൽ തുടക്കത്തിൽ തന്നെ കിട്ടിയ നല്ല അവസരങ്ങൾ തുലച്ചതാണ് ടെൻ ഹാഗിനും സംഘത്തിനും വിനയായത്.