CMDRF

ഗൂഗിള്‍പേ വഴി പണം തട്ടിയ യുവാക്കള്‍ അറസ്റ്റില്‍

മലപ്പുറം സ്വദേശിയായ തെക്കേടത്ത് വീട്ടില്‍ ഫായിസ് (23), ആലുവ കീഴ്മാട് കാട്ടോളിപറമ്പ് വീട്ടില്‍ ഒമര്‍ മുക്താര്‍ (21), പോഞ്ഞാശ്ശേരി പുത്തന്‍പുരക്കല്‍ വീട്ടില്‍ സാബിത്ത് (27) എന്നിവരാണ് അറസ്റ്റിലായത്.

ഗൂഗിള്‍പേ വഴി പണം തട്ടിയ യുവാക്കള്‍ അറസ്റ്റില്‍
ഗൂഗിള്‍പേ വഴി പണം തട്ടിയ യുവാക്കള്‍ അറസ്റ്റില്‍

കൊച്ചി: ഗൂഗിള്‍ പേ വഴി കബളിപ്പിച്ച് പണം തട്ടിയ യുവാക്കളെ എളമക്കര പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശിയായ തെക്കേടത്ത് വീട്ടില്‍ ഫായിസ് (23), ആലുവ കീഴ്മാട് കാട്ടോളിപറമ്പ് വീട്ടില്‍ ഒമര്‍ മുക്താര്‍ (21), പോഞ്ഞാശ്ശേരി പുത്തന്‍പുരക്കല്‍ വീട്ടില്‍ സാബിത്ത് (27) എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രിയായിരുന്നു കേസിന് ആസ്പദമായ സംഭവം. ബസില്‍ പോകാന്‍ പൈസ ഇല്ലെന്നും 1000 രൂപ നല്‍കിയാല്‍ പകരം ഗൂഗിള്‍ പേ ചെയ്തു തരാമെന്നും പറഞ്ഞ് 75കാരനായ മോഹനനെന്നയാളുടെ അടുത്ത് പ്രതികളെത്തുകയായിരുന്നു. മോഹനന്‍ 1000 രൂപ പ്രതികള്‍ക്ക് നല്‍കി. തുടര്‍ന്ന് കൂട്ടത്തിലുള്ള ഒരാള്‍ ഗൂഗിള്‍ പേ ചെയ്യുന്നതായി കാണിച്ചെങ്കിലും മോഹനന്റെ അക്കൗണ്ടില്‍ പണമെത്തിയില്ല. ഈ സമയം മോഹനന്റെ ഗൂഗിള്‍ പേ പാസ്‌വേര്‍ഡ് പ്രതികള്‍ മനസ്സിലാക്കിയിരുന്നു. തുടര്‍ന്ന് മോഹനന്റെ ഫോണ്‍ വാങ്ങി പരിശോധിക്കുന്ന രീതിയില്‍ 10,000 രൂപ പ്രതിയുടെ നമ്പറിലേക്ക് അയച്ചു. ശേഷം ട്രാന്‍സാക്ഷന്‍ ഹിസ്റ്ററി കാണിച്ച് പണമെത്തിയിട്ടുണ്ടെന്നുപറഞ്ഞ് കബളിപ്പിക്കുകയായിരുന്നു.

1000 രൂപക്ക് പകരം 10,000 രൂപ അയച്ചതില്‍ സംശയം തോന്നിയ മോഹനന്‍ വിശദമായി പരിശോധിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. കബളിപ്പിക്കപ്പെട്ടെന്ന് മനസ്സിലാക്കിയ മോഹനന്‍ ഒന്നാംപ്രതിയായ ഫായിസിനെ തടഞ്ഞുനിര്‍ത്തി ബഹളംവെച്ചു. ഈ സമയം മറ്റ് രണ്ട് പ്രതികള്‍ കടന്നുകളഞ്ഞു. നാട്ടുകാര്‍ വിവരമറിയിച്ചതോടെ എളമക്കര പൊലീസ് ഫായിസിനെ ചോദ്യംചെയ്ത് നടത്തിയ തിരച്ചിലില്‍ രണ്ടാംപ്രതി ഒമര്‍ മുക്താറിനെ ആലുവ റെയില്‍വേ സ്റ്റേഷന്‍ ഭാഗത്തുനിന്നും മൂന്നാം പ്രതി സാബിത്തിനെ പോഞ്ഞാശ്ശേരി ഭാഗത്തുനിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.

Also Read:കല്യാണ തട്ടിപ്പ് നടത്തിയ യുവതിയും സംഘവും പിടിയില്‍

എസ്.ഐമാരായ കൃഷ്ണകുമാര്‍, പി.എസ്. അനില്‍, ലാലു ജോസഫ്, എസ്.സി.പി.ഒമാരായ ഗിരീഷ്, അനീഷ്, രഞ്ജിത്, സി.പി.ഒമാരായ ഷൈജു, സുജീഷ്, ജിനുമോന്‍ എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Top