കോര്‍ബ: ഛത്തീസ്ഗഡിലെ കോര്‍ബയില്‍ യുവാവ് പാമ്പു കടിയേറ്റ് മരിച്ച സംഭവത്തില്‍, കടിച്ച പാമ്പിനെ ചിതയില്‍ വെച്ച് ചുട്ടുകൊന്ന് നാട്ടുകാര്‍. പാമ്പ് ഇനി മറ്റാരെയെങ്കിലും കടിക്കുമെന്ന ഭയത്താലാണ് ചെയ്തതെന്ന് നാട്ടുകാര്‍ പറഞ്ഞു. പാമ്പിനെ കൊന്നതിന് ആളുകള്‍ക്കെതിരെ നടപടിയെടുക്കില്ലെന്നും മറിച്ച് ബോധവത്കരണമാണ് ആവശ്യമെന്ന് അധികൃതരും പ്രതികരിച്ചു.
ശനിയാഴ്ച രാത്രിയാണ് ദിഗേശ്വര്‍ രത്തിയ എന്ന യുവാവിനെ ബൈഗമര്‍ ഗ്രാമത്തിലെ തന്റെ വീടിനുള്ളില്‍ വെച്ച് കടുത്ത വിഷമുള്ള പാമ്പ് കടിച്ചത്. രാത്രി ഉറങ്ങാന്‍ നേരം കിടക്ക ശരിയാക്കുന്നതിനിടെയാണ് പാമ്പ് കടിച്ചത്. യുവാവ് വീട്ടുകാരെ അറിയിക്കുകയും പിന്നാലെ കോര്‍ബയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെ യുവാവ് മരിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
Also Read: രാജ്യത്ത് 60 പുതിയ മെഡിക്കൽ കോളേജുകൾക്ക് അംഗീകാരം
സംഭവത്തിന് പിന്നാലെ നാട്ടുകാര്‍ കടിച്ച പാമ്പിനെ പിടിച്ച് ഒരു കൂടയില്‍ അടച്ച് സൂക്ഷിച്ചു. പിന്നീട് ഇതിനെ ഒരു വടിയില്‍ കയര്‍ ഉപയോഗിച്ച് ബന്ധിച്ചു. വീട്ടില്‍ നിന്ന് യുവാവിന്റെ മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോയപ്പോള്‍ കൂടെ പാമ്പിനെയും വടിയില്‍ കെട്ടി കൊണ്ടുപോയി. ഇതിന്റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. പിന്നീട് യുവാവിന്റെ ചിതയില്‍ തന്നെ വെച്ച് പാമ്പിനെയും കത്തിക്കുകയായിരുന്നു.