ഷാഫി പറമ്പില്‍ ഇല്ലെങ്കിലും പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ യു.ഡി.എഫ് വിജയിക്കുമെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ്. ഷാഫി വിജയിച്ചാല്‍ പാലക്കാട് മണ്ഡലം ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി പിടിച്ചെടുക്കുമെന്ന പ്രചരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
എക്സ്പ്രസ്സ് കേരളയ്ക്ക് നല്‍കിയ അഭിമുഖം കാണുക
ഈ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് എത്ര സീറ്റുകളാണ് പ്രതീക്ഷിക്കുന്നത് ?
ഇത്തവണ ഇരുപതില്‍ ഇരുപത് സീറ്റും യുഡിഎഫിന് ലഭിക്കും. കാരണം കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിനും കേരളം ഭരിക്കുന്ന സര്‍ക്കാരിനും എതിരെയുള്ള ഒരു ജനവിധി ആയിരിക്കും കേരളത്തിലെ ലോകസഭാ തിരഞ്ഞെടുപ്പ്. ആ നിലയ്ക്ക് നോക്കുമ്പോള്‍ കഴിഞ്ഞ തവണത്തേക്കാള്‍ അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് കേരളത്തിലുള്ളത്. ഇരുപതില്‍ ഇരുപതും യുഡിഎഫിന് ലഭിക്കും എന്നതാണ് ഞങ്ങളുടെ പ്രതീക്ഷ.
പൊന്നാനിയിലെയും മലപ്പുറത്തെയും മത്സരങ്ങളെ എങ്ങനെയാണ് വിലയിരുത്തുന്നത് ?
പൊന്നാനിയിലും മലപ്പുറത്തും മികച്ച ഭൂരിപക്ഷത്തില്‍ യുഡിഎഫ് വിജയിക്കും. മലപ്പുറവും പൊന്നാനിയും യുഡിഎഫിന്റെ ഉറച്ച കോട്ടയാണ്. ഇത്തവണ എതിര്‍ സ്ഥാനാര്‍ത്ഥികള്‍ തീര്‍ത്തും ദുര്‍ബലരാണ്. പ്രത്യേകിച്ച് ബൂത്ത് തലം മുതല്‍ നേതൃതലം വരെ ഏറ്റവും മികച്ച കോര്‍ഡിനേഷനിലാണ് യുഡിഎഫ് പ്രവര്‍ത്തിക്കുന്നത്. യുഡിഎഫിന്റെ മലപ്പുറത്തേയും പൊന്നാനിയിലേയും സ്ഥാനാര്‍ത്ഥികളെക്കുറിച്ച് ജനങ്ങള്‍ക്ക് നല്ല മതിപ്പാണ്, അവരുടെ പാര്‍ലമെന്റിലെ പ്രകടനമാണെങ്കിലും പാര്‍ലമെന്റിന് പുറത്തുള്ള പ്രവര്‍ത്തനമാണെങ്കിലും. അതുകൊണ്ട് വളരെ അനുകൂലമായ റിസള്‍ട്ട് ആയിരിക്കും ഈ രണ്ടു മണ്ഡലങ്ങളിലും ഉണ്ടാവുക. മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കും.
എന്തു കൊണ്ടാണ് നിലവിലെ എം.പി മാരെ മണ്ഡലം മാറ്റി മത്സരിപ്പിക്കുന്നത് ?
പല കാരണങ്ങളുണ്ട്. ഒന്ന് സമദാനി സാഹിബിന്റെ വീട് നില്‍ക്കുന്ന മണ്ഡലമാണ് പൊന്നാനി. ബഷീര്‍ സാഹിബിന്റെ വീട് നില്‍ക്കുന്ന മണ്ഡലമാണ് മലപ്പുറം. സ്വാഭാവികമായും അവര്‍ക്ക് അവരുടെ സ്വന്തം മണ്ഡലത്തില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ടാവും. മുന്‍ കാലങ്ങളില്‍ മത്സരിക്കുന്ന സമയത്ത് പല സാഹചര്യങ്ങള്‍ കാരണമാണ് വ്യത്യസ്ത മണ്ഡലങ്ങളില്‍ മത്സരിക്കുന്ന സ്ഥിതിയുണ്ടായത്. ഈ തിരഞ്ഞെടുപ്പില്‍ അവരുടെ സ്വന്തം മണ്ഡലത്തില്‍ മത്സരിക്കണമെന്ന് സ്വാഭാവികമായിട്ടുണ്ടാവും. പാര്‍ട്ടിയുടെ തീരുമാനമാണ് അങ്ങനെ രണ്ടുപേരെയും രണ്ടു മണ്ഡലങ്ങളിലേക്ക് മാറ്റി മത്സരിപ്പിക്കുക എന്നുള്ളത്.
മുസ്ലീം ലീഗിന് മൂന്നാംസീറ്റ് ലഭിക്കാത്തതില്‍ നിരാശയുണ്ടോ ?
നിരാശയുടെ പ്രശ്‌നമല്ല. ലീഗിനെ സംബന്ധിച്ചിടത്തോളം മൂന്നാം സീറ്റ് ലീഗിന് അര്‍ഹതപ്പെട്ടതാണ് എന്നുള്ള കാര്യം യുഡിഎഫിലെ തന്നെ പ്രധാനപ്പെട്ട കക്ഷികള്‍ എല്ലാം സമ്മതിച്ച കാര്യമാണ്. പലനിലക്ക് ഏത് സീറ്റില്‍ മത്സരിക്കും എന്നൊക്കെയുള്ള ചര്‍ച്ചകള്‍ വരുമ്പോള്‍ അത് തീരുമാനമാകാതെ പോകാറാണ് പതിവ്. അത് ലീഗിന്റെ കൂടി ഉഭയകക്ഷി ചര്‍ച്ചയിലൂടെ എടുത്ത തീരുമാനമാണ്. ലീഗിന് മൂന്നാം സീറ്റില്ല പകരം രാജ്യസഭാ സീറ്റ് എന്നത്. ഒരു ചര്‍ച്ചയെ തുടര്‍ന്നുള്ള തീരുമാനമാണ് അല്ലാതെ പ്രതീക്ഷയുടെയോ നിരാശയുടെയോ പ്രശ്‌നമല്ല.
കേരള സ്റ്റോറി സിനിമാ വിവാദത്തില്‍ എന്താണ് പറയാനുള്ളത് ?
കേരളത്തില്‍ നിന്ന് 32000 മുസ്ലീങ്ങള്‍ അല്ലാത്ത പെണ്‍കുട്ടികളെ ലൗ ജിഹാദ് വഴി മതം മാറ്റി അന്യ രാജ്യത്തേക്ക് തീവ്രവാദ പ്രവര്‍ത്തനത്തിന് കൊണ്ടുപോയി എന്ന ഒരു ക്യാംപെയിനിന്റെ ഭാഗമായി വന്ന സിനിമയാണ്. ആ സിനിമയില്‍ സത്യമില്ലെന്നത് ഇതിനകം ബോധ്യമായിട്ടുള്ള കാര്യമാണ്. ഇതിന് തെളിവ് തന്നാല്‍ ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. പക്ഷെ ആരും വന്നില്ല, ആര്‍ക്കും വരാന്‍ കഴിയില്ല. അങ്ങനൊരു സംഭവമില്ല. അങ്ങനെയൊരു സിനിമ പ്രചരിപ്പിക്കുന്നതിന് പിന്നിലൊരു താല്‍പര്യമുണ്ട്. ഇതിന്റെ പുറകില്‍ സംഘപരിവാറാണ്. സംഘപരിവാറിന്റെ പ്രോപഗണ്ട സിനിമയുടെ ഭാഗമായാണ് സിനിമയെടുത്തിട്ടുള്ളത്. മുസ്ലിം മത വിദ്വേഷം രാജ്യത്തുണ്ടാക്കാനായി പല രീതിയിലുള്ള പ്രവര്‍ത്തനം അവര്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. നിര്‍ഭാഗ്യവശാല്‍ ഈ സിനിമ കേരളത്തിലെ സംഘപരിവാറല്ലാത്ത ചില ആളുകളും ഏറ്റെടുത്തു എന്നുള്ളതാണ് ദുഃഖകരമായ കാര്യം. പ്രത്യേകിച്ച് ചില രൂപതകള്‍ സിനിമ ബോധവല്‍ക്കരണത്തത്തിന്റെ ഭാഗമായി പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചു എന്നുള്ള വാര്‍ത്തകള്‍ സമീപകാലത്ത് കണ്ടു. സംഘപരിവാറിന്റെ പ്രോപഗണ്ട നിഷ്പക്ഷരായ ആളുകളെ പോലും സ്വാധീനിക്കുന്നു.
കോണ്‍ഗ്രസ്സ് നേതാക്കള്‍ ബി.ജെ.പിയിലേക്ക് ഒഴുകുന്നത് യു.ഡി.എഫിന്റെ വിശ്വാസ്യതയെ ബാധിക്കില്ലേ ?
അവസരവാദികളായിട്ടുള്ള രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഇങ്ങനെ പലപ്പോഴും ഒരു പാര്‍ട്ടിയില്‍ നിന്ന് വേറൊരു പാര്‍ട്ടിയിലേക്ക് ചേക്കേറുന്ന ചിത്രങ്ങള്‍ ഇന്ത്യയിലെമ്പാടും നമ്മള്‍ കാണാറുണ്ട്. ഇത് ആദ്യത്തെ സംഭവമല്ല, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ നിന്ന് ആളുകള്‍ പോയിട്ടുണ്ട് ,ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലേക്ക് ആളുകള്‍ വരുന്നുണ്ട്. മോദി ഭക്ത മാധ്യമപ്രവര്‍ത്തകരൊക്കെയും ബിജെപിയിലേക്ക് പോകുന്നതാണ് ഇന്ത്യയില്‍ ചര്‍ച്ചയാകുന്നത്. തിരിച്ച് കോണ്‍ഗ്രസിലേക്ക് വരുന്നത് ചര്‍ച്ചയാക്കാതിരിക്കുകയും ചെയ്യുന്നു. കോണ്‍ഗ്രസില്‍ നിന്ന് ആളുകള്‍ പോകുന്നത് മാത്രം ആഘോഷമാക്കുന്നു.അവസരവാദികളായ ആളുകള്‍ മറ്റുപാര്‍ട്ടിയിലേക്ക് പോകുന്നത് അവര്‍ക്ക് ഐഡിയോളജി ഒരു പ്രശ്‌നമല്ല എന്നതുകൊണ്ടാണ്. ആശയമല്ല, ആമാശയമാണ് അവരുടെ പ്രധാന പ്രശ്‌നം എന്നുള്ളതുകൊണ്ടാണ് ഒരു പ്രതലത്തില്‍ അവര്‍ക്ക് ഉറച്ചു നില്‍ക്കാന്‍ കഴിയാത്തത്.
ഷാഫി പറമ്പില്‍ വടകരയില്‍ ജയിക്കുമോ ?
തീര്‍ച്ചയായും ഷാഫി പറമ്പില്‍ വടകരയില്‍ വിജയിക്കും. തിരഞ്ഞെടുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും നിയന്ത്രിക്കുകയും നേതൃത്വം കൊടുക്കുകയും ചെയ്യുന്നത് യുവാക്കളാണ്. പ്രത്യേകിച്ച് ന്യൂജന്‍ വോട്ടര്‍മാരാണ് ഇതിനെ ഏറ്റവുമധികം സ്വാധീനിക്കുന്നത്. മറ്റു മണ്ഡലത്തില്‍ ഇല്ലാത്തതുപോലെ യൂത്തിന്റെ എന്‍ഗേജ്‌മെന്റ്, ന്യൂജെന്‍ വോട്ടേഴ്സിന്റെ താല്പര്യം. അവരെല്ലാം സ്വമേധയാ വോട്ടര്‍ലിസ്റ്റില്‍ ചേര്‍ക്കണമെന്ന് പറഞ്ഞ് രംഗത്തുവരുന്ന കാഴ്ച്ചകള്‍ കണ്ടു. തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാന്‍ കഴിയുന്ന ഘടകങ്ങളെല്ലാം അവിടെ ഷാഫി പറമ്പിലിന് അനുകൂലമാണ്. മാത്രമല്ല സമീപകാലത്ത് അവിടെ ഉണ്ടായിട്ടുള്ള ബോംബ് സ്‌ഫോടനം, ഈ അക്രമ രാഷ്ട്രീയത്തിനുള്ള ഒരുക്കങ്ങള്‍ ഇപ്പോഴും സിപിഎം അണിയറയില്‍ നടത്തുന്നുവെന്ന ഒരു പ്രതിഷേധം, ടി പി ചന്ദ്രശേഖരന്റെ കൊലപാതകം. ആളുകള്‍ക്ക് അക്രമ രാഷ്ട്രീയത്തോട് വെറുപ്പും വിദ്വേഷവുമാണ്. അതിന്റെ എല്ലാം പ്രതിഷേധം കൂടിയാകുമ്പോള്‍ നേരത്തെ പറഞ്ഞ സര്‍ക്കാര്‍ വിരുദ്ധ മനോഭാവത്തിന്റെ കൂടെ ഇതും കൂടി ചേരുമ്പോള്‍ ഷാഫിക്ക് അവിടെ ജയിക്കാനാവും.
പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വന്നാല്‍, ബി.ജെ.പിക്ക് അല്ലേ അത് ഗുണം ചെയ്യുക ?
പാലക്കാട് യുഡിഎഫ് ബിജെപിയെ പരാജയപ്പെടുത്തിയ മണ്ഡലമാണ്. അവിടെ യുഡിഎഫിന് ജയിക്കാനാവുമെന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് യാതൊരു ആത്മവിശ്വാസക്കുറവുമില്ല. ഞങ്ങള്‍ക്കവിടെ ജയിക്കാന്‍ കഴിയുമെന്നുള്ള ആത്മവിശ്വാസം കൊണ്ടാണല്ലോ ഷാഫിയെ വടകരയില്‍ മത്സരിപ്പിക്കുന്നത്. കഴിഞ്ഞകാലങ്ങളില്‍ ബിജെപിയെ പരാജയപ്പെടുത്തുന്നത് യുഡിഎഫ് ആണ്. മഞ്ചേശ്വരത്താണെങ്കിലും പാലക്കാടാണെങ്കിലും ബിജെപിയെ പരാജയപ്പെടുത്തി ഒരു കോട്ട പോലെ കേരളത്തെ സംരക്ഷിച്ചു നിര്‍ത്തുന്നത് യുഡിഎഫ് ആണ്. അത് ഇനിയും യുഡിഎഫിന് കഴിയും ഷാഫി മാറിയാലും അതിന് യാതൊരു പ്രയാസവും ഉണ്ടാവില്ല.
കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ DYFIയുമായി ചേര്‍ന്നുള്ള പ്രക്ഷോഭത്തിന് യൂത്ത് ലീഗ് തയ്യാറാണോ ?
എവിടെയാണ് സംഘപരിവാറിനെതിരെ ശക്തമായ സമരം ഡിവൈഎഫ്‌ഐ നടത്തുന്നത് ? കേരളത്തിലെ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ ഉയരുമ്പോള്‍ അതിനെ വഴിതിരിച്ചുവിടാന്‍വേണ്ടി മാത്രം വല്ലപ്പോഴും കേന്ദ്രത്തിനെതിരായി രണ്ടു വര്‍ത്തമാനം ഡിവൈഎഫ്‌ഐ പറയുക എന്നല്ലാതെ എപ്പോഴാണ് കേന്ദ്രത്തിനെതിരെ ശക്തമായ സമരം ആത്മാര്‍ത്ഥമായി ഡിവൈഎഫ്‌ഐ നടത്തിയിട്ടുള്ളത് ? റിയാസ് മൗലവിയുടെ കൊലപാതകത്തിന്റെ പ്രതികളെ വെറുതെവിട്ട സമയത്ത് പൊലീസിന് വീഴ്ചയുണ്ടായി എന്ന് പറയുന്ന സമയത്ത് ഡിവൈഎഫ്‌ഐ മൗനം പാലിക്കുകയായിരുന്നു. എന്തുകൊണ്ടാണ് പോലീസിനും ആഭ്യന്തര വകുപ്പിനുമുണ്ടാകുന്ന വീഴ്ച്ച തുറന്ന് പറയാത്തത് ? ഇലക്ടറല്‍ ബോണ്ട് അഴിമതിയെക്കുറിച്ച് ബിജെപിക്ക് എതിരായി പോസ്റ്റിട്ടയാളെ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരായി ജനവികാരമുണ്ടാക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് അറസ്റ്റ് ചെയ്തു. കേസെടുക്കുന്ന സമയത്ത് ഒരക്ഷരം ഡിവൈഎഫ്‌ഐ മിണ്ടുന്നില്ല. ആ ഡിവൈഎഫ്‌ഐയുമായി എങ്ങനെയാണ് നമുക്ക് സഹകരിക്കാന്‍ കഴിയുക.
മലപ്പുറത്തെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ഡി.വൈ.എഫ്.ഐ പ്രസിഡന്റാണ്, വലിയ പരിഗണനയല്ലേ സി.പി.എം നല്‍കിയത് ?
അങ്ങനെയായിരുന്നു ഡിവൈഎഫ്‌ഐ അവകാശപ്പെട്ടിരുന്നത്. പക്ഷേ കണ്ണൂരില്‍ കുറച്ച് ഡിവൈഎഫ്‌ഐക്കാര്‍ പാര്‍ട്ടി പറഞ്ഞിട്ടാണ് ബോംബുണ്ടാക്കാന്‍ പോയത്. ബോംബ് പൊട്ടി ഒരാള്‍ കൊല്ലപ്പെട്ട സമയത്ത് കേരളം മുഴുവനും അത് അറിഞ്ഞപ്പോള്‍, എന്താണ് സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി ചെയ്തത് ? ആ പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്നല്ല പറഞ്ഞത്, പകരം ഡിവൈഎഫ്‌ഐ ഞങ്ങളുടെ പോഷക സംഘടന അല്ല എന്നാണ് പറഞ്ഞത്. അങ്ങനെയൊരു സംഘടനയുടെ പിതൃത്വംപോലും നിഷേധിക്കുന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചത്. സത്യത്തില്‍ ആത്മാഭിമാനമുണ്ടായിരുന്നെങ്കില്‍ വസീഫ് മലപ്പുറത്തെ മത്സരത്തില്‍ നിന്ന് പിന്മാറി പാര്‍ട്ടി സെക്രട്ടറി ആ സ്റ്റേറ്റ്‌മെന്റ് തിരുത്താന്‍ തയ്യാറാവണം എന്നൊരു സമീപനമായിരുന്നു അദ്ദേഹം സ്വീകരിക്കേണ്ടിയിരുന്നത്.
പുതുതലമുറ നേതാക്കളെ എന്തു കൊണ്ടാണ് ലീഗ് മത്സരിപ്പിക്കാതിരിക്കുന്നത് ?
മുസ്ലിം ലീഗിന് ആകെ പാര്‍ലമെന്റിലേക്കുള്ളത് രണ്ട് സീറ്റാണ്. അതില്‍ ഏറ്റവും പരിചയസമ്പന്നരായിട്ടുള്ള ആയിട്ടുള്ളവര്‍ തന്നെ മത്സരിക്കട്ടെ എന്ന നിലയ്ക്കാണ് പാര്‍ട്ടിയില്‍ ചര്‍ച്ചകള്‍ നടന്നത്. പുതുമുഖങ്ങളുടെ കാര്യം പാര്‍ട്ടി പരിഗണിക്കും, യുവാക്കളുടെയും വനിതകളുടെയും കാര്യം പരിഗണിക്കും, ചര്‍ച്ചകള്‍ക്കെല്ലാം ഒടുവില്‍ പരിചയസമ്പന്നരായ ആളുകള്‍ തന്നെ മത്സരിക്കട്ടെ എന്ന
തീരുമാനത്തിലാണ് പാര്‍ട്ടി എത്തിയത്.
അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം എക്സ് പ്രസ്സ് കേരള വീഡിയോയില്‍ കാണുക