ചെന്നൈ: യുട്യൂബ് ചാനല്‍ ഉടമ ഫെലിക്സ് ജെറാള്‍ഡിന്റെ വീട്ടിലും ഓഫീസിലും പൊലീസ് റെയ്ഡ്. വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയതിന് അറസ്റ്റിലായ യുട്യൂബര്‍ സവുക്ക് ശങ്കറിന്റെ വിവാദ അഭിമുഖം പുറത്തുവിട്ട യൂട്യൂബ് ചാനല്‍ ഫെലിക്സിന്റെതാണ്. ഇലക്ട്രോണിക് തെളിവുകള്‍ ഉള്‍പ്പെടെ പിടിച്ചെടുക്കാന്‍ നടത്തിയ പരിശോധന തടയാന്‍ ഫെലിക്‌സിന്റെ ഭാര്യ അടക്കം ശ്രമിച്ചതു നേരിയ സംഘര്‍ഷത്തിനിടയാക്കി. ഫെലിക്സിന്റെ ചെന്നൈ നുങ്കമ്പാക്കത്തുള്ള വീട്ടിലും ഓഫിസിലുമായിരുന്നു പരിശോധന.
സവുക്ക് ശങ്കര്‍ അറസ്റ്റിലായതിനു പിന്നാലെ, ഫെലിക്‌സ് മദ്രാസ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചെങ്കിലും ലഭിച്ചില്ല. ഡല്‍ഹിക്കു രക്ഷപ്പെട്ട ഇയാളെ 10ന് രാത്രിയാണു തിരുച്ചിറപ്പള്ളി പൊലീസിന്റെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി തിരുച്ചിറപ്പള്ളി സെന്‍ട്രല്‍ ജയിലിലടച്ചു. കേസില്‍ ആദ്യം അറസ്റ്റിലായ സവുക്ക് ശങ്കറിനെതിരെ ചെന്നൈ പൊലീസ് ഗുണ്ടാ നിയമം ചുമത്തി. കിലാമ്പാക്കം ബസ് ടെര്‍മിനസ് നിര്‍മാണവുമായി ബന്ധപ്പെട്ട് സിഎംഡിഎയുടെ പേരില്‍ വ്യാജ രേഖ ചമച്ചെന്നതടക്കം ഇയാള്‍ക്കെതിരെ 7 കേസുകള്‍ ചെന്നൈ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.