CMDRF

പുതിയ പ്ലാറ്റ്‌ഫോം ഒരുക്കി യൂട്യൂബ്; ഇനി ക്രിയേറ്റർമാർക്കും ആരാധകർക്കും ഇടപഴകാം

ക്രിയേറ്റർമാർക്ക് അവരുടെ ആരാധകരോടും കാഴ്ചക്കാരോടും സംവദിക്കാനുള്ള ഒരിടമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്

പുതിയ പ്ലാറ്റ്‌ഫോം ഒരുക്കി യൂട്യൂബ്; ഇനി ക്രിയേറ്റർമാർക്കും ആരാധകർക്കും ഇടപഴകാം
പുതിയ പ്ലാറ്റ്‌ഫോം ഒരുക്കി യൂട്യൂബ്; ഇനി ക്രിയേറ്റർമാർക്കും ആരാധകർക്കും ഇടപഴകാം

ക്രിയേറ്റർമാരും ആരാധകരും തമ്മിലുള്ള ബന്ധവും കൂട്ടായ്‌മയും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തിൽ യൂട്യൂബ്. ഇതിനായി പുതിയ പ്ലാറ്റ്ഫോം അവതരിപ്പിച്ചിരിക്കുകയാണ് യൂട്യൂബ്. ക്രിയേറ്റർമാർക്ക് അവരുടെ ആരാധകരോടും കാഴ്ചക്കാരോടും സംവദിക്കാനുള്ള ഒരിടമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. കമ്മ്യൂണിറ്റീസ് എന്ന പേരിലാണ് പ്ലാറ്റ്ഫോം ഒരുക്കിയിരിക്കുന്നത്. ഡിസ്‌കോർഡ്, റെഡ്ഡിറ്റ് പോലുള്ള പ്ലാറ്റ്‌ഫോമുകൾക്ക് സമാനമാണിതെന്നാണ് സൂചന. യൂട്യൂബ് ചാനലുമായി ബന്ധിപ്പിച്ചാണ് ഇതിന്‍റെയും പ്രവർത്തനം. ഇനി ആരാധകരുമായി ഇടപഴകാൻ ക്രിയേറ്റർമാർക്ക് ഡിസ്‌കോർഡ്, റെഡ്ഡിറ്റ് പോലുള്ള മറ്റ് പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കേണ്ടിവരില്ല. കമ്മ്യൂണിറ്റിസ് വഴി ബന്ധപ്പെടാനാകും.

ഈ പ്ലാറ്റ്ഫോം വഴി കാഴ്ചക്കാർക്ക് പരസ്പരം ഇടപഴകാനും സാധിക്കും. നേരത്തെ യൂട്യൂബ് വീഡിയോയ്ക്ക് കമന്‍റ് ചെയ്യാൻ മാത്രമാണ് കാഴ്ചക്കാരെ അനുവദിച്ചിരുന്നത്. എന്നാൽ ഇപ്പോൾ കാഴ്ചക്കാർക്കും ക്രിയേറ്റർ കമ്മ്യൂണിറ്റിയിൽ അവരുടെ കണ്ടന്റ് ഷെയർ ചെയ്യാനുമാകും. ചിത്രങ്ങളും വീഡിയോയും ടെക്സ്റ്റും ഉപയോഗിച്ച് ക്രിയേറ്ററുമായും മറ്റ് കാഴ്ചക്കാരുമായും സംവദിക്കാനാകുമെന്ന മെച്ചവുമുണ്ട്. സബ്‌സ്‌ക്രൈബർമാർക്ക് മാത്രമാണ് ഈ ഫീച്ചർ ലഭ്യമാവുക. ആശയവിനിമയത്തിനും ബന്ധം വളർത്തുന്നതിനും വേണ്ടിയുള്ള ഒരിടമായാണ് കമ്പനി കമ്മ്യൂണിറ്റീസിനെ കാണുന്നത്. കണ്ടന്‍റിന്‍റെ നിയന്ത്രണം ക്രിയേറ്റർമാർക്ക് ആയിരിക്കും.

ഇപ്പോൾ ചുരുക്കം ചില ക്രിയേറ്റർമാർക്കിടയിൽ മൊബൈൽ ഫോണിൽ മാത്രമാണ് യൂട്യൂബ് കമ്മ്യൂണിറ്റീസ് ഫീച്ചർ പരീക്ഷിക്കുന്നത്. ഈ വർഷം അവസാനത്തോടെ കൂടുതൽ ആളുകളിലേക്ക് ഈ സൗകര്യമെത്തിക്കുമെന്നാണ് പ്രതീക്ഷ.

Top