പടിഞ്ഞാറന്‍ ഗസയിലെ അല്‍ ശാത്വിഅ് അഭയാര്‍ഥി ക്യാംപിലെ വീടിന് നേരെയുണ്ടായ ബോംബ് ആക്രമണത്തില്‍ ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യയുടെ സഹോദരി സഹ്ര്‍ അബ്ദുസ്സലാം ഹനിയ്യ ഉള്‍പ്പെടെ കുടുംബാംഗങ്ങളായ 10 പേര്‍ കൊല്ലപ്പെട്ടു. ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ തലവനാണ് ഡോ. ഇസ്മായില്‍ ഹനിയ്യ.
പലരുടെയും മൃതദേഹങ്ങള്‍ ആക്രമണത്തില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി പലസ്തീനി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിരവധി പേര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ഈദുല്‍ ഫിത്വര്‍ ദിവസം നടന്ന ആക്രമണത്തില്‍ ഇസ്മായില്‍ ഹനിയ്യയുടെ മൂന്ന് ആണ്‍ മക്കളും നാല് പേരക്കുട്ടികളുമുള്‍പ്പെടെ ഏഴ് പേര്‍ കൊല്ലപ്പെട്ടിരുന്നു.
യു.എന്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും അന്താരാഷ്ട്ര സമൂഹവും അനുദിനം ശക്തിപ്പെടുന്ന ഇസ്രായേലി ക്രൂരതകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ഹമാസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. നിരപരാധികളായ പൗരന്മാരുടെ ജീവന് സംരക്ഷണം നല്‍കണമെന്നും ഭീകരവാദികളായ ഇസ്രായേല്‍ നേതാക്കള്‍ക്ക് ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ കഴിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, തന്റെ കുടുംബത്തെ ടാര്‍ഗറ്റ് ചെയ്യുന്നതിലൂടെ ഹമാസിന്റെ നിലപാട് മാറ്റാമെന്നത് ഇസ്രായേലിന്റെ വ്യാമോഹം മാത്രമാണെന്ന് ഡോ. ഇസ്മായില്‍ ഹനിയ്യ പ്രതികരിച്ചു. ഇസ്രായേലിന്റെ അതിക്രമങ്ങള്‍ അവസാനിപ്പിക്കാതെ മുന്നോട്ട് വെക്കപ്പെടുന്ന എല്ലാ വെടി നിര്‍ത്തല്‍ നിര്‍ദേശങ്ങളും കേവല വാചാടോപം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗസയിലെ അഞ്ച് പേരില്‍ ഒരാളെങ്കിലും ദിവസങ്ങളോളം ഭക്ഷണം ലഭിക്കാതെ പട്ടിണി കിടക്കുകയാണെന്ന റിപ്പോര്‍ട്ട് യുഎന്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഗസയിലെ 4,95,000ലധികം ആളുകള്‍ കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുകയാണ്. ഇത് ജനസംഖ്യയുടെ അഞ്ചില്‍ ഒരാള്‍ക്ക് തുല്യമാണ്. കുഞ്ഞുങ്ങള്‍ കടുത്ത പട്ടിണിയും പോഷകാഹാരക്കുറവും നിര്‍ജലീകരണവും മൂലം കൊല്ലപ്പെടുന്നുവെന്നും യു.എന്നിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇസ്രായേല്‍ ക്രൂരതയില്‍ കൊല്ലപ്പെട്ടവരുടെ കണക്ക് 37,400 കവിഞ്ഞു. ഇതില്‍ 15,000ത്തിലധികം കുട്ടികളും വരും..!