ഗായകന്‍ ലിയാം പെയിനിന്റെ മരണവാര്‍ത്ത ഞെട്ടലോടെയാണ് ലോകം കേട്ടത്. ആത്മഹത്യയാണെന്ന് പോലീസ് അറിയിച്ചതോടെ വലിയ ചര്‍ച്ചകളാണ് ആരാധകർക്കിടയിലുയർന്നത്. ഇപ്പോൾ ലിയാമിന്റെ വിയോഗത്തില്‍ വൈകാരികമായി സാമൂഹിക മാധ്യമത്തിലൂടെ പ്രതികരിച്ചിരിക്കുകയാണ് ഗായകനും ബാൻഡിലെ സഹപ്രവർത്തകനായിരുന്ന സെയിന്‍ മാലിക്. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മികച്ച റോക്ക് ബാൻഡ് എന്ന ഖ്യാതി വൺ ഡയറക്ഷൻ നേടിയെടുത്തത് പെട്ടന്നായിരുന്നില്ല. ബാൻഡ് അംഗങ്ങൾ തമ്മിലുള്ള ആത്മബന്ധവും ആരാധകരെ ബാൻഡിലേക്ക് അടുപ്പിച്ചിരുന്നു.
വണ്‍ ഡയറക്ഷനില്‍ ഒരുമിച്ച് പ്രവത്തിച്ചിരുന്ന ലിയാമും സെയിൻ മാലികും സൂക്ഷിച്ചിരുന്ന സൗഹൃദം വണ്‍ ഡയറക്ഷന്‍ ആരാധകര്‍ക്കിടയില്‍ പ്രശസ്തമാണ്. ലിയാമുമായി ഒന്നിച്ചുള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് സെയിന്‍ കുറിപ്പ് പങ്കുവെച്ചത്. ‘നമുക്കിടയിൽ ഇനിയും ഏറെ സംഭാഷണങ്ങള്‍ ബാക്കിയുണ്ടായിരുന്നു. 17 വയസ്സുകാരനായിരിക്കേ വീട്ടില്‍ നിന്ന് മാറിനിന്നപ്പോഴുണ്ടായ വിഷമങ്ങളിൽ എൻ്റെയൊപ്പം കൂട്ടായി നിന്നത് നീയാണ്’ ലിയാമിനായി പങ്കുവെച്ച പോസ്റ്റില്‍ സെയിന്‍ പറയുന്നു.
Also Read: പോലീസ് പിടിക്കുമെന്ന് കേണപേക്ഷിച്ചിട്ടും പിന്മാറിയില്ല; സൽമാൻ ഖാനുമായുള്ള അനുഭവം പങ്കിട്ട് നടൻ
‘പ്രായംകൊണ്ട് നീ ഇളയതായിരുന്നെങ്കിലും എന്നേക്കാള്‍ പക്വത നിനക്കായിരുന്നു. കൃത്യമായ നിലപാടുകളുള്ളവനായിരുന്നു നീ. മറ്റൊരാളില്‍ തെറ്റ് കണ്ടാല്‍ അതു തുറന്നു പറയാന്‍ നീ മടികാണിച്ചിരുന്നില്ല. ഇതിന്റെ പേരില്‍ നമ്മള്‍ പലപ്പോഴും വഴക്കിട്ടിട്ടുണ്ടെങ്കിലും ഈ കാര്യത്തില്‍ എനിക്ക് നിന്നോട് എന്നും ബഹുമാനമായിരുന്നു’. സെയിന്‍ പറയുന്നു. ലിയാം പോയപ്പോള്‍ ഇല്ലാതായത് തന്റെ സഹോദരനെയാണെന്നും വികാര നിര്‍ഭരമായ പോസ്റ്റില്‍ സെയിന്‍ മാലിക് പറയുന്നു.
എവിടെയാണെങ്കിലും നീ സമാധാനത്തിലാണെന്നും എത്രമാത്രം സ്‌നേഹിക്കപ്പെട്ടിരുന്നുവെന്ന് നീ തിരിച്ചറിയുന്നുണ്ടെന്ന് താന്‍ പ്രത്യാശിക്കുന്നുവെന്നും പറഞ്ഞുകൊണ്ടാണ് സെയിന്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.വണ്‍ ഡയറക്ഷന്‍ നിര്‍മ്മിച്ച ‘what makes this beautiful’, ‘best song ever’, ‘story of my life’, ‘night changes’ തുടങ്ങി ഒട്ടേറെ ഗാനങ്ങള്‍ ഇന്നും ആരാധകരുടെ സിരകളില്‍ തങ്ങിനിൽക്കുന്നവയാണ്. 2010 ല്‍ ആരംഭിച്ച പോപ് ബാന്‍ഡില്‍ നിന്ന് 2016-ലാണ് ചില തര്‍ക്കങ്ങങ്ങള്‍ക്കു പിന്നാലെ സെയിന്‍ മാലിക് പടിയിറങ്ങുന്നത്. ഇന്റര്‍നെറ്റില്‍ തരംഗം സൃഷ്ടിച്ച ഈ ബോയി ബാന്‍ഡ് 2016-ഓടെ പിരിച്ചുവിടുകയായിരുന്നു.