പൂണെയിൽ ഡോക്ടർക്കും 15കാരിയായ മകൾക്കും സിക വൈറസ് സ്ഥിരീകരിച്ചു

പൂണെയിൽ ഡോക്ടർക്കും 15കാരിയായ മകൾക്കും സിക വൈറസ് സ്ഥിരീകരിച്ചു

പൂണെ: മഹാരാഷ്ട്രയിലെ പൂണെയിൽ 46 കാരനായ ഡോക്ടർക്കും 15കാരിയായ മകൾക്കും സിക വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങൾ കണ്ടതോടെ ഡോക്ടറെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുയും രക്ത സാമ്പിളുകൾ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് (എൻ.ഐ.വി) അയച്ച് പരിശോധിക്കുകയും ചെയ്തു.

അദ്ദേഹത്തിന്‍റെ റിപ്പോർട്ടുകൾ പോസിറ്റീവ് ആയ സാഹചര്യത്തിൽ കുടുംബത്തിലെ മറ്റംഗങ്ങളുടെ രക്ത സാമ്പിൾ പരിശോധിച്ചതോടെയാണ് 15കാരിയുടെ രോഗ വിവരം അറിയുന്നത്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്.

ഡെങ്കിപ്പനി, ചിക്കുൻഗുനിയ തുടങ്ങിയ അണുബാധകൾ പരത്തുന്ന ഈഡിസ് കൊതുകിലൂടെയാണ് സിക വൈറസ് രോഗം പകരുന്നത്. 1947ൽ ഉഗാണ്ടയിലാണ് ഈ വൈറസ് ആദ്യമായി കണ്ടെത്തിയത്.

രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്തതിനാൽ ആരോഗ്യ വകുപ്പ് നിരീക്ഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. പ്രദേശത്ത് മറ്റ് സംശയാസ്പദമായ കേസുകളൊന്നും കണ്ടെത്തിയിട്ടില്ലെങ്കിലും, കൊതുകുകൾ പെരുകുന്നത് തടയാൻ മുൻകരുതൽ നടപടികൾ ആരംഭിച്ചതായി അധികൃതർ പറഞ്ഞു.

Top