ഓണ്‍ലൈനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കഴിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് നഗര പ്രദേശങ്ങളിലെ തിരക്കേറിയ ജീവിത സാഹചര്യങ്ങള്‍ക്കിടയില്‍ ഭക്ഷണം പാചകം ചെയ്യാനോ, ഹോട്ടലുകളില്‍ പോയി കഴിക്കാനോ സമയം ഇല്ലാത്തവരാണ് ഓണ്‍ലൈന്‍ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമുകളെ കൂടുതലായി ആശ്രയിക്കുന്നത്. ഇങ്ങനെ ഭക്ഷണം വാങ്ങുന്നവരില്‍ പലരും ഓര്‍ഡറിനോടൊപ്പം തന്നെ പണം അടയ്ക്കുന്നവരാണ്. ചിലരാകട്ടെ ഭക്ഷണം ലഭിച്ച ശേഷം ക്യാഷ് ഓണ്‍ ഡെലിവറി ചെയ്യുന്നവരും. പക്ഷെ ഇങ്ങനെ പണം അടയ്ക്കുന്നവരില്‍ പലരും നേരിടുന്ന ഒരു ബുദ്ധിമുട്ട് ചില്ലറയില്ലാത്തതാണ്. ഡെലിവറി ചെയ്യുന്ന ആളുടെ പക്കലും കൃത്യമായ തുകയില്ലെങ്കില്‍ സംഗതി ആകെ കുഴപ്പത്തിലാകും.
ഭക്ഷണം ഓർഡർ ചെയ്ത ശേഷം പണമടയ്ക്കുന്ന അവസരത്തിൽ ചില്ലറയില്ലാതെ ബുദ്ധിമുട്ടുന്നവർക്ക് ആശ്വാസമായി പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ . ഭക്ഷണം എത്തിച്ചു നല്‍കിയ ഡെലിവറി സ്റ്റാഫിന്, ചില്ലറ ഇല്ലാത്തതിനാല്‍ അധിക തുക നല്‍കിയാലും ബാക്കി തുക സൊമാറ്റോ മണി അകൗണ്ടിലേക്ക് നല്‍കും. ഇന്‍സ്റ്റന്‍റ് ബാലന്‍സ് ഫീച്ചര്‍ പ്രകാരം സൊമാറ്റോ മണി അകൗണ്ടിലെ ഈ ബാക്കി തുക പിന്നീട് ഭക്ഷണം വാങ്ങാന്‍ ഉപയോഗിക്കുകയും ചെയ്യാം. ഓണ്‍ലൈന്‍ ഗ്രോസറി സ്റ്റോറായ ബിഗ് ബാസ്കറ്റ് നിലവില്‍ ഈ സൗകര്യം നല്‍കുന്നുണ്ട്. ഇതിന് സമാനമായ രീതിയിലുള്ള സൗകര്യമാണ് സൊമാറ്റോയും അവതരിപ്പിക്കുന്നതെന്ന് കമ്പനി സിഇഒ ദീപീന്ദര്‍ ഗോയല്‍ പറഞ്ഞു. നിലവില്‍ പലരും സേവനങ്ങള്‍ക്കായി ഓണ്‍ലൈനായി പണം അടയ്ക്കുന്നുണ്ടെങ്കിലും ക്യാഷ് ഓണ്‍ ഡെലിവറി സേവനം ഇഷ്ടപ്പെടുന്നവരും നിരവധി പേരാണ്. അതേ സമയം ഈ ബാക്കി തുക സൊമാറ്റോ മണി അകൗണ്ടിൽ എത്ര കാലം സൂക്ഷിക്കാമെന്ന കാര്യം കമ്പനി വ്യക്തമാക്കിയിട്ടില്ല.