ന്യുയോര്‍ക്കില്‍ ഇനി മുതൽ കഞ്ചാവിന്റെ ഉപയോഗത്തിനും വില്‍പനക്കും അനുമതി

ന്യൂയോര്‍ക്ക്: അമേരിക്കൻ രാജ്യമായ ന്യുയോര്‍ക്കില്‍ കഞ്ചാവിന്റെ ഉപയോഗത്തിനും വില്‍പനക്കും അനുമതി. ഇത്തരത്തിൽ അനുമതി നല്‍കി കൊണ്ടുള്ള ബില്ലില്‍ ഗവര്‍ണര്‍ ഒപ്പ് വെച്ചു. ഒരു വീട്ടില്‍ ആറു തൈകള്‍ വരെ ഇനി മുതല്‍ നിയമപരമായി വളര്‍ത്താനുള്ള അനുമതിയാണ് ഭരണകൂടം ഇതിലൂടെ തരുന്നത്. നേരത്തെ സ്റ്റേറ്റ് അസംബ്ലിയില്‍ അവതരിപ്പിച്ച ബില്‍ പാസായിരുന്നു.

ന്യൂയോര്‍ക്ക് സ്റ്റേറ്റിനെ സാമ്പത്തികമായി ഉത്തേജിപ്പിക്കുന്ന ചരിത്രപരമായ ദിനം എന്നാണ് ബില്‍ ഒപ്പുവച്ചതിന് ശേഷം ഗവര്‍ണര്‍ ആന്‍ഡ്രൂ ക്വോമോ വ്യക്തമാക്കിയത്.

ഇതിലൂടെ 60,000 ത്തില്‍ പരം പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് കരുതുന്നു. ഇതുവഴി സംസ്ഥാന ഖജനാവിലേക്കുള്ള വാര്‍ഷിക വരുമാനം 300 മില്ല്യണ്‍ ഡോളര്‍ കവിയും. വരുമാനത്തിന്റെ നാല്‍പത് ശതമാനവും സ്‌കൂളുകളുടെ വികസനത്തിനായാണ് ഉപയോഗിക്കുക.

നിയമം പ്രാബല്യമായതോടെ മൂന്ന് ഔണ്‍സ് വരെ ഒരു വ്യക്തിക്ക് കൈവശം വയ്ക്കാം. ഒരു വീട്ടില്‍ പരമാവധി ആറ് ചെടികള്‍ വളര്‍ത്തുവാനും സാധിക്കും. മുന്‍പ് കഞ്ചാവ് ഉപയോഗിച്ചതിന്റെ പേരിലുള്ള ശിക്ഷകള്‍ റദ്ദാക്കും. അതേസമയം, വില്‍പന ആരംഭിക്കുവാന്‍ 2022 വരെ കാത്തിരിക്കേണ്ടിവരുമെന്ന് കരുതുന്നു. ന്യൂയോര്‍ക്ക് ഉള്‍പ്പെടെ 15 സംസ്ഥാനങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ നിയമമായിട്ടുള്ളത്.

Top