ന്യൂയോര്‍ക്ക്: കൊറോണ വൈറസ് വ്യാപനം ഓരോ ദിവസവും കൂടിവരുകയാണ്. രോഗത്തെ പ്രതിരോധിക്കാനും ആളുകളെ ചികിത്സിക്കാനും സഹായ ഹസ്തവുമായി നിരവധിപേരാണ് രംഗത്തെത്തുന്നത്. ഇപ്പോഴിതാ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായ ധനം പ്രഖ്യാപിച്ച് എത്തിയിരിക്കുകയാണ് ഗൂഗിള്‍ സി.ഇ.ഒ. സുന്ദര്‍ പിച്ചൈ.
80 കോടി ഡോളറിന്റെ ധനസഹായമാണ് ഔദ്യോഗിക ബ്ലോഗിലൂടെ അദ്ദേഹം പ്രഖ്യാപിച്ചത്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്നിരയിലുള്ള ചെറുകിട, ഇടത്തരം വാണിജ്യസംരംഭങ്ങള്‍, ആരോഗ്യ സംഘടനകള്‍, സര്‍ക്കാരുകള്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവയെ പിന്തുണയ്ക്കുന്നതിന് വേണ്ടി 80 കോടി ഡോളര്‍ ധനസഹായം പ്രഖ്യാപിക്കുന്നുവെന്ന് സുന്ദര്‍ പിച്ചൈ അറിയിച്ചു.
മാത്രമല്ല ലോകാരോഗ്യ സംഘടനയെ സഹായിക്കുന്നതിന് വേണ്ടിയും ആഗോളതലത്തില്‍ കൊറോണ വൈറസ് വ്യാപനം തടയുന്നതെങ്ങനെ എന്നതു സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ നല്‍കുന്ന, പ്രാദേശിക സമൂഹത്തെ സഹായിക്കുന്നതിന് വേണ്ടി നൂറിലധികം സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും വേണ്ടി 25 കോടി ഡോളറിന്റെ പരസ്യ ഗ്രാന്റും ഗൂഗിള്‍ നല്‍കും.
ചെറുകിട-ഇടത്തര വാണിജ്യ സംരംഭങ്ങള്‍ക്കായി ദുരിതാശ്വാസ ഫണ്ടുകളെയും മറ്റു സ്രോതസ്സുകളെ കുറിച്ചും പൊതുസേവന പ്രഖ്യാപനങ്ങള്‍ നടത്തുന്നതിന് കമ്മ്യൂണിറ്റി ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഗൂഗിള്‍ 2 കോടി ഡോളറിന്റെ പരസ്യഗ്രാന്റ് നല്‍കും.
ചെറുകിട ബിസിനസ്സുകള്‍ക്ക് മൂലധനം കണ്ടെത്തുന്നതിന് സഹായമേകുക എന്ന ലക്ഷ്യത്തോടെയാണ് ഇത് നടപ്പിലാക്കുന്നത്. അക്കാദമിക് സ്ഥാപനങ്ങള്‍ക്ക് 20 ദശലക്ഷം ഡോളറും പ്രഖ്യാപിച്ചിട്ടുണ്ട്.