മുംബൈ: ഇന്ത്യന്‍ നിര്‍മ്മിത വാഹനമായ നെക്‌സോണ്‍ ക്രാഷ് ടെസ്റ്റില്‍ ആദ്യമായ് ഫൈവ് സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കി. ടാറ്റയുടെ കോംപാക്ട് എസ്യുവിയായ നെക്‌സോണ്‍ കഴിഞ്ഞ ആഗസ്റ്റില്‍ നടന്ന ടെസ്റ്റില്‍ മുതിര്‍ന്നവരുടെ സുരക്ഷയില്‍ നാലും കുട്ടികളുടേതില്‍ മൂന്നും റേറ്റിങ് നേടിയിരിന്നു. ശേഷം മൂന്ന് മാസം കൊണ്ട് നിലമെച്ചപ്പെടുത്തിയാണ് മുതിര്‍ന്നവരുടെ സുരക്ഷയില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ് നേടിയത്.
ടാറ്റയുടെ ഇംപാക്ട് ഡിസൈന്‍ രൂപകല്‍പ്പനാശൈലി പിന്തുടര്‍ന്നിരിക്കുന്ന വാഹനമാണ് ടാറ്റാ നെക്‌സോണ്‍. ഉയര്‍ന്ന ഊര്‍ജ ആഗീകരണ ശേഷിയുള്ള ശക്തമായ സ്റ്റീല്‍ കൊണ്ടുള്ള നിര്‍മാണം മൂലം ഊര്‍ജത്തെ ഫലപ്രദമായി ആഗിരണം ചെയ്ത് ഇടിയുടെ ആഘാതത്തില്‍ നിന്ന് യാത്രക്കാരന്റെ കമ്പാര്‍ട്ടമെന്റിനെ പൂര്‍ണമായും സംരക്ഷിക്കുന്നു.
ഇടിയുടെ ആഘാതം ബോണറ്റ് പോര്‍ഷനില്‍ മാത്രമായി പരിമിതപ്പെടുത്താന്‍ സാധിച്ചത് വാഹനത്തിന്റെ ബോഡിയുടെ കരുത്തിനെ കാണിക്കുന്നതാണ്. കാലുകള്‍ക്ക് മികച്ച സുരക്ഷ നല്‍കുന്നതിനും, പരിക്കുകള്‍ ഒഴുവാക്കുന്നതിനും പെഡല്‍ ബ്ലോക്കേഴ്‌സ് ഉപയോഗിച്ചുകൊണ്ട് വാഹനത്തിന്റെ ഫൂട്ട്വെല്‍ ഭാഗം ശക്തിപ്പെടുത്തിയിരിക്കുന്നു. ഇത് യാത്രക്കാരുടെ കാലുകളെ സംരക്ഷിക്കുന്നു.
ഡ്രൈവര്‍, പാസഞ്ചര്‍ സുരക്ഷയ്ക്കായി നെക്‌സോണ്‍ പ്രീടെന്‍ഷനര്‍, ലോഡ്‌ലിമിറ്റര്‍, ക്രാഷ്‌ലോക്കിങ് ടങ് എന്നിവയോടുകൂടിയ ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകളും സീറ്റ് ബെല്‍റ്റുകളും ക്രമീകരിച്ചിട്ടുണ്ട്. ഇത് അടിയന്തിര സാഹചര്യങ്ങളില്‍ അനിയന്ത്രിതമായി മുമ്പോട്ടുള്ള ചലനത്തെ തടയുന്നു. മുറിവുകള്‍ ഒഴിവാക്കുകയും ചെയ്യുന്നു.