നിലവിൽ ഇന്ത്യൻ ഇലക്ട്രിക്ക് വാഹന ലോകത്തെ മുടിചൂടാമന്നന്മാരാണ് ടാറ്റാ മോട്ടോഴ്‍സ്. നിലവിൽ രാജ്യത്തെ വൈദ്യുത വാഹന വിഭാഗം ഭരിക്കുന്നത് ടാറ്റയാണ്. നിലവിൽ പാസഞ്ചർ വാഹന വിഭാഗത്തിൽ ഇവി വിപണിയുടെ 80 ശതമാനത്തോളം ടാറ്റ കൈവശം വച്ചിട്ടുണ്ട്. ടാറ്റയുടെ പുതിയ ടിയാഗോ ഇവിക്ക് ഒരു മാസത്തിനുള്ളിൽ 20,000 ബുക്കിംഗുകളോടെ വാങ്ങുന്നവരിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ചു. ടാറ്റ മോട്ടോഴ്‌സ് നിലവിൽ നെക്‌സോൺ ഇവിയും ടിഗോർ ഇവിയും വിൽക്കുന്നു, ടിയാഗോ ഇവിയുടെ ഡെലിവറികൾ 2023 ജനുവരി മുതൽ ആരംഭിക്കും.
എന്നാൽ ഇതുവരെ ഒരു ശക്തനായ മത്സരാർഥി എത്താത്തതാണ് ടാറ്റയുടെ വളച്ചയുടെ അടിസ്ഥാനമെന്നാണ് എതിരാളികളുടെ അടക്കം പറച്ചിൽ. എന്നാൽ മറ്റൊരു ഇന്ത്യൻ വാഹന ഭീമനായ മഹീന്ദ്ര തങ്ങളുടെ XUV400 ഇവി എന്ന കിടുക്കൻ മോഡലിനെ വിപണിയിലേക്ക് എത്തിക്കാൻ ഒരുങ്ങുകയാണ്. അടുത്ത വർഷത്തോടെ വിപണിയിൽ എത്തുമ്പോൾ ടാറ്റ നെക്സോൺ ഇവിയുമായി നേരിട്ട് ഏറ്റുമുട്ടുക എന്നതാണ് മഹീന്ദ്ര ഇലക്ട്രിക് എസ്‌യുവിയുടെ പ്രധാന ലക്ഷ്യം. എന്നാൽ മഹീന്ദ്രയുടെ വാഹനത്തിന്റെ വിപണിയിലേക്കുള്ള വരവിന് മുന്നോടിയായി പുതിയൊരു നേട്ടം കൂടി കൈവരിച്ചിരിക്കുകയാണ് ടാറ്റ. നെക്സോൺ ഇവിയുടെ 35,000 യൂണിറ്റുകളുടെ വിൽപ്പന പൂർത്തിയാക്കിയെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ നേട്ടം അതിന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പോസ്റ്റ് ചെയ്തുകൊണ്ട് ടാറ്റ മോട്ടോഴ്‌സ് മഹീന്ദ്രയെ ചെറുതായൊന്നു കൊട്ടി എന്നാണ് പുതിയ വാർത്ത.
‘ജനപ്രിയ നായകൻറെ’ വില ഇടിക്കാൻ ടാറ്റ, ‘കറുത്തമുത്ത്’ എത്തുക മോഹവിലയിൽ!
മഹീന്ദ്രയുടെ ഇലക്ട്രിക് വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്ന 00 എന്ന അക്കത്തിനേക്കാൾ വലുതാണ് 35,000 എന്നാണ് ടാറ്റ പരസ്യത്തിലൂടെ പറയുന്നത്. നെക്സോൺ ഇവി ഇതുവരെ 35,000 യൂണിറ്റുകൾ വിറ്റഴിച്ചപ്പോൾ അതിന്റെ മുഖ്യ എതിരാളിയായ മഹീന്ദ്ര XUV400 ഇതുവരെ ലോഞ്ച് ചെയ്യാത്തതിനാൽ വിൽപ്പന കണക്കുകൾ ഒന്നും പറയാനില്ല. മഹീന്ദ്രയെ ക്രിയാത്മകമായി പരിഹസിച്ചുകൊണ്ട് ടാറ്റ മോട്ടോർസ് മഹീന്ദ്രക്കിട്ട് ഒന്നു കൊട്ടിയെന്ന് വാഹന പ്രേമികൾ അടക്കം പറയുന്നു.
അതേസമയം ജനപ്രിയ മോഡലായ ടാറ്റ നെക്സോൺ ഇവി രണ്ട് ബാറ്ററി വലുപ്പങ്ങളിൽ ലഭ്യമാണ് – 30.2kWh, 40.5kWh – ഒറ്റ ചാർജിൽ യഥാക്രമം 312km, 437km എന്നിങ്ങനെ സർട്ടിഫൈഡ് റേഞ്ച് വാഗ്ദാനം ചെയ്യുമെന്ന് അവകാശപ്പെടുന്നു. ഇലക്ട്രിക് എസ്‌യുവിക്കൊപ്പം ടാറ്റ രണ്ട് ചാർജിംഗ് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു – സ്റ്റാൻഡേർഡ് 3.3kWh, 7.2kWh എസി ഫാസ്റ്റ് ചാർജർ. രണ്ടാമത്തേത് വീട്ടിലോ ജോലിസ്ഥലത്തോ ഇൻസ്റ്റാൾ ചെയ്യാൻ കഴിയും.
മഹീന്ദ്ര XUV400നെപ്പറ്റി പറയുകയാണെങ്കിൽ 2023 ജനുവരിയിൽ നമ്മുടെ രാജ്യത്ത് അവതരിപ്പിക്കാൻ ഷെഡ്യൂൾ ചെയ്‌തിരിക്കുന്നു. ഇത് 3 വേരിയന്റുകളിൽ – ബേസ്, ഇപി, EL എന്നിവയിൽ ഓഫർ ചെയ്യുമെന്നാണ് റിപ്പോർട്ട്. ഫ്രണ്ട് ആക്സിൽ ഘടിപ്പിച്ച ഇലക്ട്രിക് മോട്ടോറിന് കരുത്ത് നൽകുന്ന 39.4kWh ബാറ്ററി പായ്ക്കാണ് ഇതിൽ ഘടിപ്പിച്ചിരിക്കുന്നത്. ഇലക്ട്രിക് മോട്ടോർ 150 ബിഎച്ച്പിയും 310 എൻഎം ടോർക്കും പുറപ്പെടുവിക്കുന്നു. വെറും 8.3 സെക്കൻഡിനുള്ളിൽ ഇത് 0-100kmph വേഗത കൈവരിക്കുമെന്ന് അവകാശപ്പെടുന്നു, ഇത് സെഗ്‌മെന്റിലെ ഏറ്റവും വേഗതയേറിയതാക്കുന്നു. എസ്‌യുവിക്ക് ഇലക്‌ട്രോണിക് പരിമിതമായ പരമാവധി വേഗത മണിക്കൂറിൽ 150 കിലോമീറ്ററാണ്. പുതിയ XUV400 EV-ക്ക് ഒറ്റ ചാർജിൽ 456 കിലോമീറ്റർ സർട്ടിഫൈഡ് റേഞ്ച് ഉണ്ടാകുമെന്ന് മഹീന്ദ്ര അവകാശപ്പെടുന്നു.
XUV400 ഇലക്ട്രിക് എസ്‌യുവി 4.2 മീറ്റർ നീളമുള്ള വാഹനമായിരിക്കും. അതായത് പ്രധാന എതിരാളിയായ നെക്‌സോൺ ഇവി മാക്‌സിനേക്കാൾ വലിപ്പമേറിയതാണ് ഇതെന്ന് സാരം. നെക്സോൺ ഇവിയേക്കാൾ നീളമുണ്ട് എന്നത് ഇൻറീരിയറിൽ കൂടുതൽ സ്പേസും XUV400 നൽകും. അതേസമയം ബൂട്ട് സ്പേസ് ഇപ്പോൾ 368 ലിറ്ററാണെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്. മഹീന്ദ്ര XUV400 ഇവിക്ക് ടാറ്റ നെക്‌സോൺ ഇലക്ട്രിക്കിന് സമാനമായതോ അൽപ്പം വില കുറവോ ആകാനാണ് സാധ്യത. നെക്‌സോൺ ഇവിയെ പോലെ തന്നെ ഹോട്ട് സെല്ലിംഗ് ഇലക്ട്രിക് എസ്‌യുവിയായി മാറുന്നതിന് ഉറപ്പാക്കാനാവും മഹീന്ദ്ര ഈ തന്ത്രം ഉപയോഗിക്കുക. ബേസ്, EP, EL എന്നിങ്ങനെ മൂന്ന് വേരിയന്റിലാവും മോഡൽ വിൽപ്പനയ്ക്ക് എത്തുക.
ഫീച്ചർ വിശദാംശങ്ങളിലേക്ക് നോക്കിയാൽ മഹീന്ദ്രയുടെ അഡ്രിനോ X സോഫ്റ്റ്‌വെയർ ഉള്ള 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, സിംഗിൾ-പേൻ സൺറൂഫ്, ഓവർ-ദി-എയർ (OTA) ഉള്ള കണക്റ്റഡ് കാർ ടെക്‌നോളജി തുടങ്ങിയ സവിശേഷതകൾ XUV400 ഇവിയുടെ ടോപ്പ് എൻഡ് വേരിയന്റിന് ലഭിക്കും. സുരക്ഷയുടെ കാര്യത്തിൽ ഇതിന് ആറ് എയർബാഗുകൾ, ഓൾ റൗണ്ട് ഡിസ്ക് ബ്രേക്കുകൾ, ISOFIX ചൈൽഡ് സീറ്റ് ആങ്കറേജുകൾ എന്നിവ ലഭിക്കുന്നു. 2024-ൽ XUV700 ലക്ഷ്വറി ക്രോസ്ഓവറിന്റെ ഇലക്ട്രിക് പതിപ്പ് മഹീന്ദ്ര പുറത്തിറക്കും.