2020 സെപ്റ്റംബര്‍ മാസത്തെ വില്‍പ്പന കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ ടാറ്റയുടെ നെക്‌സോണ്‍ ഇലക്ട്രിക് തന്നെയാണ് മുന്നിലുള്ളത്. 2020 സെപ്റ്റംബര്‍ മാസത്തില്‍ 303 യൂണിറ്റുകളുടെ വില്‍പ്പനയാണ് രജിസ്റ്റർ ചെയ്തത്. പ്രതിമാസ വില്‍പ്പന 300 യൂണിറ്റിന് മുകളില്‍ പോകുന്നത് ഇതാദ്യമായിട്ടാണ്. എംജി ZS ഇലക്ട്രിക് 127 യൂണിറ്റുകളുടെ വില്‍പ്പനയുമായി രണ്ടാമതും ഹ്യുണ്ടായി കോന 29 യൂണിറ്റുകളുടെ വില്‍പ്പനയുമായി മൂന്നാമതും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട് . ടിഗോര്‍ ഇവിക്ക് ലഭിച്ചിരിക്കുന്നത് 5 യൂണിറ്റുകളുടെ വിൽപ്പനയാണ്.
എല്ലാ മോഡലുകളുടെയും വില്‍പ്പന പരിശോധിച്ചാല്‍ പോയ മാസം രാജ്യത്ത് വിറ്റത് 466 ഇലക്ട്രിക് വാഹനങ്ങള്‍ മാത്രമാണ്. പ്രധാനമായും മൂന്ന് മോഡലുകളാണ് പാസഞ്ചര്‍ വാഹന വിഭാഗത്തില്‍ ഇടംപിടിച്ചിരിക്കുന്നത്. ടാറ്റ നെക്സോണ്‍ ഇവി, എംജി ZS ഇലക്ട്രിക്, ഹ്യുണ്ടായി കോന ഇലക്ട്രിക്, ടാറ്റ ടിഗോര്‍ ഇവി, മഹീന്ദ്ര e-വെരിറ്റോ തുടങ്ങി ഏതാനും മോഡലുകള്‍ മാത്രമാണ് വില്‍പ്പനയ്ക്ക് എത്തുന്നത്.
മഹീന്ദ്ര e-വെരിറ്റോ,ടാറ്റ ടിഗോര്‍ ഇവി തുടങ്ങിയ മോഡലുകള്‍ക്ക് ഫ്ലീറ്റ്, ക്യാബ് ഓപ്പറേറ്റര്‍മാരാണ് ആവശ്യക്കാര്‍ ഏറെയും. ഇവികള്‍ വിൽക്കുന്നത് രാജ്യത്തെ തെരഞ്ഞെടുത്ത കുറച്ച് നഗരങ്ങളില്‍ മാത്രമാണ്. രാജ്യത്തുടനീളം ചാര്‍ജിംഗ് സൗകര്യങ്ങളുടെ അഭാവവും ഉയര്‍ന്ന വിലയുമാണ് പലപ്പോഴും വില്‍പ്പനയെ പിന്നോട്ട് വലിക്കുന്നത്.