ന്യൂഡല്‍ഹി: സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് ഉച്ച ഭക്ഷണത്തിന് ആധാര്‍ നിര്‍ബന്ധമാക്കിയതിനു പിന്നാലെ അനാഥാലയങ്ങളിലെ കുട്ടികള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ ആധാര്‍ നിര്‍ബന്ധമാക്കുന്നു.
രാജ്യത്തെ 9,000 അനാഥാലയങ്ങളില്‍ കഴിയുന്ന കുട്ടികള്‍ക്കാണ് ആധാര്‍ നിര്‍ബന്ധമാക്കുന്നത്. കേന്ദ്ര ശിശുക്ഷേമമന്ത്രി മേനക ഗാന്ധിയാണ് ഇക്കാര്യം അറിയിച്ചത്.
ഏതു രാജ്യത്തും പൗരന്‍മാര്‍ക്കു തിരിച്ചറിയലിനായി ഒരു രേഖയുണ്ടാവണം. അനാഥാലയങ്ങളില്‍ നിന്നു കുട്ടികളെ പലപ്പോഴും കാണാതാകാറുണ്ട്. ആധാര്‍ ഉണ്ടെങ്കില്‍ അവരെ പെട്ടെന്നു തിരിച്ചറിയാനും കണ്ടെത്താനും കഴിയും. ജുവനൈല്‍ ഹോമുകളെയും ഇതിന്റെ പരിധിയില്‍ കൊണ്ടുവരുമെന്നും മേനക ഗാന്ധി പറഞ്ഞു.
ശിശുക്ഷേമ മന്ത്രാലയം അടുത്ത കാലത്തു നടത്തിയ സര്‍വേയില്‍ രാജ്യത്ത് ഒന്‍പതിനായിരത്തോളം അനാഥാലയങ്ങളില്‍ ഒരു ലക്ഷത്തോളം കുട്ടികള്‍ കഴിയുന്നതായി കണ്ടെത്തിയിരുന്നു. ഇവരെ എല്ലാവരെയും ആധാറുമായി ബന്ധിപ്പിക്കുകയാണ് ലക്ഷ്യം.
കൈകുഞ്ഞുങ്ങളുടെ ബയോമെട്രിക്‌സ് അടയാളങ്ങള്‍ മറ്റും വികസിച്ചിട്ടുണ്ടാവില്ലാത്തിനാല്‍, ആദ്യഘട്ടത്തില്‍ മൂന്നു വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ആധാര്‍ നമ്പര്‍ മാത്രമാകും നല്‍കുക. മൂന്നു വയസിനു ശേഷം അവരുടെ വിരലടയാളവും മറ്റും ശേഖരിക്കാനാണിപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.