സ്‌പെയിന്‍: ബാഴ്‌സലോണ താരം നെയ്മര്‍ ക്ലബ്ബ് വിട്ടേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. സ്‌പെയിനിലെ ആദായ നികുതി വകുപ്പിന്റെ നടപടികള്‍ തുടര്‍ന്നാല്‍ ക്ലബ്ബ് വിടുമെന്ന് നെയ്മറിന്റെ അച്ഛന്‍ നെയ്മര്‍ സീനിയറാണ് വ്യക്തമാക്കിയത്. നെയ്മര്‍ സീനിയറുടെ പ്രഖ്യാപനത്തോടെ മറ്റ് ക്ലബ്ബുകള്‍ ബ്രസീലിയന്‍ താരത്തെ സ്വന്തമാക്കാന്‍ ശ്രമം ആരംഭിച്ചതായും വാര്‍ത്തകളുണ്ട്.
സ്പാനിഷ് ആദായ നികുതി വകുപ്പ് തുടര്‍ച്ചയായി ഉപദ്രവിക്കുകയാണെന്നും നടപടികള്‍ പിന്‍വലിച്ചില്ലെങ്കില്‍ സ്‌പെയിനില്‍ നിന്നും മടങ്ങും എന്നുമാണ് നെയ്മര്‍ സീനിയര്‍ പറയുന്നത്. 2011 മുതല്‍ 2013 വരെയുള്ള കാലയളവില്‍ സ്‌പെയിനിലും ബ്രസീലിലും നെയ്മര്‍ നികുതി നല്‍കാന്‍ ബാക്കിയുള്ളതായാണ് ഇരുരാജ്യങ്ങളിലെയും ആദായ നികുതി വകുപ്പുകള്‍ പറയുന്നത്. നികുതി കുടിശിക വരുത്തിയതിനെ തുടര്‍ന്ന് ബ്രസീലില്‍ നെയ്മറുടെ 31.5 മില്ല്യണ്‍ പൗണ്ടിന്റെ ആസ്തികള്‍ മരവിപ്പിച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം, 2018 വരെയുള്ള കരാര്‍ പുതുക്കാന്‍ ബാഴ്‌സലോണ ശ്രമം നടത്തുന്നുണ്ട്. എന്നാല്‍, നികുതി സംബന്ധിച്ചുള്ള പ്രശ്‌നങ്ങളില്‍ അനിശ്ചിതത്ത്വം തുടരുന്ന സാഹചര്യത്തില്‍ കരാര്‍ പുതുക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാനാവില്ലെന്ന നിലപാടിലാണ് നെയ്മറിന്റെ അച്ഛന്‍.