റിയോ: കോപ്പ അമേരിക്ക സംഘാടകരായ കോണ്‍മെബോളിനെതിരെ വീണ്ടും വിമര്‍ശനവുമായി ബ്രസീലിയന്‍ താരം നെയ്മര്‍. സഹതാരം ഗബ്രിയേല്‍ ജെസ്യൂസിന് ഫൈനലിലും വിലക്കേര്‍പ്പെടുത്തിയ തീരുമാനത്തിനെതിരെയാണ് നെയ്മറുടെ വിമര്‍ശനം. മനോഹരമായ വിശകലനത്തിലൂടെ ഇത്തരം തീരുമാനം എടുക്കുന്നവരെ നിശ്ചയമായും അഭിനന്ദിക്കണമെന്നാണ് പരിഹാസ രൂപത്തില്‍ നെയ്മര്‍ വിമര്‍ശിച്ചത്.
അപ്പീലിന് അവസരം പോലും നല്‍കാതെ രണ്ട് കളിയില്‍ വിലക്കേര്‍പ്പെടുത്തിയ നടപടിക്കെതിരെ ജെസ്യൂസും രംഗത്തെത്തി. ചിലെക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനലിലെ ഗുരുതര ഫൗളിനാണ് റഫറി ബ്രസീലിയന്‍ സ്ട്രൈക്കര്‍ക്ക് ചുവപ്പ് കാര്‍ഡ് നല്‍കിയത്. സസ്പെന്‍ഷനൊപ്പം 5000 ഡോളര്‍ പിഴയും താരത്തിന് ചുമത്തിയിട്ടുണ്ട്.
പെറുവിനെതിരായ സെമി ഫൈനലില്‍ ജെസ്യൂസ് പുറത്തിരുന്നിരുന്നു. ജെസ്യൂസിന് പകരം എവര്‍ട്ടനാണ് സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ഇടംപിടിച്ചത്. ഇനി മാരക്കാനയില്‍ ഞായറാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍സമയം 5.30ന് നടക്കുന്ന കോപ്പ അമേരിക്ക കലാശപ്പോരിലും താരം പുറത്തിരിക്കും. പരിശീലകന്‍ ടിറ്റെയ്ക്ക് കീഴില്‍ ചുവപ്പ് കാര്‍ഡ് രണ്ട് തവണ വാങ്ങിയ ഏക താരമാണ് ഗബ്രിയേല്‍ ജെസ്യൂസ്.
കോപ്പ അമേരിക്കയിലെ സ്വപ്ന ഫൈനലാണ് ഞായറാഴ്ച മാരക്കാന മൈതാനത്ത് നടക്കുന്നത്. ആദ്യ സെമിയില്‍ പെറുവിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ചാണ് ബ്രസീല്‍ കലാശപ്പോരിന് യോഗ്യത നേടിയത്. രണ്ടാം സെമിയില്‍ കൊളംബിയയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍(3-2) അര്‍ജന്റീന വീഴ്ത്തുകയായിരുന്നു. നിശ്ചിത സമയത്ത് ഇരു ടീമും ഓരോ ഗോളടിച്ച് സമനില പാലിച്ചതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടപ്പോള്‍ ഗോളി എമിലിയാനോ മാര്‍ട്ടിനസിന്റെ മൂന്ന് തകര്‍പ്പന്‍ സേവുകള്‍ അര്‍ജന്റീനക്ക് സ്വപ്ന ഫൈനലിലേക്കുള്ള വഴി തുറക്കുകയായിരുന്നു.