വിവാദങ്ങള്‍ വിട്ടൊഴിയാതെ ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍. ആഡംബര ഭവനത്തില്‍ നിയമം ലംഘിച്ച് കൃത്രിമ തടാകം നിര്‍മിച്ച താരത്തിന് വന്‍തുക പിഴ ചുമത്തിയത് കഴിഞ്ഞദിവസമാണ്. ഇപ്പോഴിതാ നിശാക്ലബില്‍ താരം കൈയാങ്കളിയില്‍ ഏര്‍പ്പെട്ട പുതിയ വിവരമാണ് പുറത്തുവരുന്നത്. റിയോ ഡി ജനീറോയിലെ ഒരു നിശാക്ലബില്‍ സംഗീത പരിപാടിക്കിടെ താരവും മറ്റൊരാളും തമ്മില്‍ ഉന്തും തള്ളും ഉണ്ടായതായും ഒടുവില്‍ സുരക്ഷ ജീവനക്കാര്‍ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചതെന്നും ഒരു സ്പാനിഷ് പത്രം റിപ്പോര്‍ട്ട് ചെയ്തു. മോഡലും സോഷ്യല്‍ മിഡിയ ഇന്‍ഫ്‌ലുവന്‍സറുമായ കാമുകി ബ്രൂണ ബിയാന്‍കാര്‍ഡിയക്കൊപ്പമാണ് താരം നൈറ്റ് ക്ലബിലെത്തിയത്. നെയ്മറും ഈ സമയം ക്ലബിലുണ്ടായിരുന്ന മറ്റൊരാളും തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെടുകയും പിന്നാലെ കൈയാങ്കളില്‍ എത്തിയതായും റിപ്പോര്‍ട്ട് പറയുന്നു.
എന്നാല്‍, തര്‍ക്കത്തിനു പിന്നിലെ കാരണം വ്യക്തമല്ല. പ്രണയിച്ച് വഞ്ചിച്ചെന്ന പരാതികള്‍ക്കു പിന്നാലെ ബ്രൂണ ബിയാന്‍കാര്‍ഡിയോട് ഇന്‍സ്റ്റഗ്രാമിലൂടെ താരം ക്ഷമാപണം നടത്തിയത് അടുത്തിടെയാണ്. ബ്രൂണക്കൊപ്പം നില്‍ക്കുന്ന ചിത്രത്തോടൊപ്പം പോസ്റ്റ് ചെയ്ത് കുറിപ്പിലാണ് താരം മാപ്പപേക്ഷ നടത്തിയത്. 2020 കോവിഡ് കാലത്താണ് ബ്രൂണ ബിയാന്‍കാര്‍ഡിയും നെയ്മറും തമ്മില്‍ പ്രണയത്തിലാകുന്നത്. 2022ലാണ് ബന്ധം പുറത്തറിയുന്നത്. അതേ വര്‍ഷം തന്നെ ഇരുവരും പിരിഞ്ഞു. പിന്നാലെ കഴിഞ്ഞ ജനുവരിയില്‍ പ്രശ്നങ്ങള്‍ പറഞ്ഞുപരിഹരിച്ചിരുന്നു. പരിക്കിനെ തുടര്‍ന്ന് ഏറെ നാളായി പുറത്തിരിക്കുന്ന നെയ്മര്‍ ഉടന്‍ കളത്തിലേക്ക് മടങ്ങിയെത്തും. അതേസമയം, താരത്തിന്റെ പി.എസ്.ജിയിലെ ഭാവി ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. ഫ്രഞ്ച് ക്ലബില്‍നിന്ന് താരം പോകുമെന്ന് ഏറെ നാളായി അഭ്യൂഹമുണ്ട്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലേക്ക് ചേക്കേറുമെന്നാണ് സൂചന