നെയ്യാറ്റിന്‍കര കൊലപാതകം; കേസ് ക്രൈംബ്രാഞ്ച് ഐ.ജി നേരിട്ട് അന്വേഷിക്കും

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സനല്‍ എന്ന യുവാവ് കൊല്ലപ്പെട്ട കേസ് ക്രൈംബ്രാഞ്ച് ഐ.ജി നേരിട്ട് അന്വേഷിക്കാന്‍ ഒരുങ്ങുന്നു. ഐ.ജി എസ്.ശ്രീജിത്തിനാണ് അന്വേഷണ ചുമതലയുള്ളത്. ഐ.ജി തലത്തിലുള്ള അന്വേഷണം സനലിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു.

കേസ് സിബിഐ അല്ലെങ്കില്‍ കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണ സംഘം അന്വേഷിക്കണമെന്നും ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നാളെ ഹര്‍ജി നല്‍കുമെന്നും സനലിന്റെ ഭാര്യ വിജി പറഞ്ഞിരുന്നു.

ക്രൈംബ്രാഞ്ച് എസ്പി ആന്റണി വീട്ടിലെത്തിയെങ്കിലും മൊഴി രേഖപ്പെടുത്താതെ മടങ്ങുകയായിരുന്നു. സനലിന്റെ കൊലപാതകം അപകട മരണമാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും വിജി ആരോപിച്ചിട്ടുണ്ട്.

അതേസമയം, ഡിവൈഎസ്പി ഹരികുമാറിനെ രക്ഷപ്പെടാന്‍ സഹായിച്ചയാള്‍ പിടിയിലായിട്ടുണ്ട്. തൃപ്പരപ്പിലെ ലോഡ്ജ് മാനേജര്‍ സന്തോഷാണ് പിടിയിലായിരിക്കുന്നത്. ഡിവൈഎസ്പിയ്ക്ക് സന്തോഷ് രണ്ട് സിം കാര്‍ഡുകളും കൈമാറിയിരുന്നു. എന്നാല്‍ രണ്ട് സിം കാര്‍ഡുകളും ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ക്രൈംബ്രാഞ്ചാണ് ഇയാളെ പിടികൂടിയത്.

Top