ദിലീപിന്റെ ജാമ്യത്തിനായി ഇടപെട്ടിട്ടില്ലെന്ന് നെയ്യാറ്റിന്‍കര ബിഷപ്പ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യ കാര്യത്തില്‍ ഇടപെട്ടില്ലെന്ന് നെയ്യാറ്റിന്‍കര ബിഷപ്പ്. ദിലീപുമായും സംവിധായകന് ബാലചന്ദ്രകുമാരുമായും ബന്ധമില്ലെന്നും ബിഷപ്പ് പ്രതികരിച്ചു. വിവാദങ്ങളിലേക്ക് ബിഷപ്പിനെ വലിച്ചിഴക്കരുതെന്ന് നെയ്യാറ്റിന്‍കര രൂപതയും ആവശ്യപ്പെട്ടു. ബിഷപ്പിനെ അപകീര്‍ത്തിപ്പെടുത്തുന്നതിലൂടെ നല്‍കുന്നത് തെറ്റായ സന്ദേശമാണെന്നും രൂപത അഭിപ്രായപ്പെട്ടു.

ബാലചന്ദ്രകുമാര്‍ നെയ്യാറ്റിന്‍കര ബിഷപ്പിന്റെ പേരില്‍ പണം ചോദിച്ചെന്ന് ദിലീപിന്റെ ആരോപണം. ഉന്നത ബന്ധമുള്ള ബിഷപ്പിനെ കേസില്‍ ഇടപെടുത്തിയാല്‍ രക്ഷിക്കുമെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു. പല തവണയായി 10 ലക്ഷത്തോളം രൂപ പറ്റി. വീണ്ടും പണം ചോദിച്ചപ്പോള്‍ നിരസിച്ചു. സിനിമയും നിരസിച്ചു. ഇതോടെ ശത്രുതയായി എന്നുമാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ദിലീപിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നത്.

ജാമ്യത്തിന് വേണ്ടി നെയ്യാറ്റിന്‍കര ബിഷപ്പിനെ ഇടപെടുത്തിച്ചെന്ന് പറഞ്ഞ് ബാലചന്ദ്രകുമാര്‍ ഭീഷണിപ്പെടുത്തിയതായെന്നാണ് ദിലീപ് സത്യവാങ്മൂലത്തില്‍ പറയുന്നു. ബിഷപ്പുമായി ബാലചന്ദ്രകുമാറിന് നല്ല അടുപ്പമുണ്ടന്ന് അവകാശപ്പെട്ടു. ബിഷപ്പ് ഇടപെട്ടാല്‍ കേസില്‍ ശരിയായ അന്വേഷണം നടത്തി നിരപരാധിത്വം തെളിയിക്കാമെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു.

ബിഷപ്പിനെ ഇടപെടുത്തിയതിനാല്‍ പണം വേണമെന്നായിരുന്നു ആവശ്യം. ഇത് നിരസിച്ചതോടെ ശത്രുതയായി. പിന്നാലെ ജാമ്യം റദ്ദാക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. പിന്നെ സിനിമയുമായി സഹകരിക്കണമെന്നായിരുന്നു ആവശ്യമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

Top