തിരുവനന്തപുരം: നെയ്യാറ്റിന്‍കര നഗരസഭാ കൗണ്‍സിലില്‍ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍. തുടര്‍ന്ന് ചെയര്‍പേഴ്‌സണും പ്രതിപക്ഷ നേതാവും നിലത്തു വീണു. ബോധരഹിതരായ രണ്ടുപേരെയും ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വിജിലന്‍സ് അന്വേഷണം നേരിടുന്ന ചെയര്‍പേഴ്‌സണ്‍ ഡബ്ലിയു ആര്‍ ഹീബ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ കൗണ്‍സില്‍ യോഗത്തിനിടെ പ്രതിഷേധവുമായി എത്തിയതോടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. രാവിലെ 11 മണിയോടെയായിരുന്നു സംഘര്‍ഷം.
വാക്കേറ്റത്തിലും കയ്യാങ്കളിക്കുമിടയില്‍ ചെയര്‍പേഴ്‌സണും പ്രതിപക്ഷ നേതാവ് ലളിത ടീച്ചറും നിലത്തുവീണ് ബോധരഹിതരാവുകയായിരുന്നു.
പ്രതിഷേധവുമായി എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നഗരസഭ ഗേറ്റിനു മുന്നില്‍ ചെയര്‌പേഴ്‌സന്റ കോലം കത്തിച്ച് റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. പോലീസ് ഇവരെ നീക്കം ചെയ്യാന്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷത്തിനും ഇടവരുത്തി.