നെയ്യാറ്റിന്‍കര കൊലപാതക കേസില്‍ ഉന്നതരുടെ ഇടപെടലെന്ന് രമേശ് ചെന്നിത്തല

chennithala

കൊച്ചി: നെയ്യാറ്റിന്‍കര സനല്‍കുമാര്‍ കൊലപാതക കേസില്‍ ഉന്നതരുടെ ഇടപെടലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിയായ ഡിവൈഎസ്പിയെ പിടികൂടാന്‍ കഴിയാത്തത് ഉന്നതരുടെ പിന്തുണയുള്ളതിനാലാണ്. കേസ് പൊലീസ് തന്നെ അട്ടിമറിക്കുന്നുവെന്നും പൊലീസിന്റെയും സിപിഐഎമ്മിന്റെയും സഹായത്തോടെയാണ് പ്രതി ഒളിവില്‍ കഴിയുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഐജി ലെവലിലുള്ള ഉദ്യോഗസ്ഥരെ കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നും ഇല്ലെങ്കില്‍ അന്വേഷണം സിബിഐക്ക് വിടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഡിവൈഎസ്പി ഹരികുമാറിന് പൊലീസ് ഉന്നതരുടെ സംരക്ഷണമുണ്ടെന്നും ചെന്നിത്തല കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം സനല്‍കുമാറിന്റെ കൊലപാതകത്തില്‍ ജുഡീഷ്യന്‍ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ പറഞ്ഞു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ മറികടന്ന് ഹരികുമാറിനെ ഡിവൈഎസ്പിയാക്കി. സിപിഐഎം നേതൃത്വത്തിന്റെ അറിവോടെയാണ് ഹരികുമാറിന് സ്ഥാനക്കയറ്റം നല്‍കിയതെന്നും ഹരികുമാറിനെ റൂറല്‍ എസ്പി സംരക്ഷിച്ചുവെന്നും കെ.മുരളീധരന്‍ ആരോപിച്ചു.

Top