ദീപാവലിക്ക് സര്‍ക്കാരിനൊപ്പം ഏറ്റുമുട്ടാന്‍ സൂര്യയുടെ എന്‍ജികെ എത്തില്ല

സിനിമാ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സൂര്യ ചിത്രമാണ് എന്‍ജികെ. സെല്‍വരാഘവനും സൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് എന്‍ജികെ. പൊളിറ്റിക്കല്‍ ഡ്രാമ ചിത്രത്തില്‍ സൂര്യ എംഎല്‍എയുടെ വേഷത്തിലാണ് എത്തുന്നത്. സായ് പല്ലവിയും രാകുല്‍ പ്രീതുമാണ് ചിത്രത്തിലെ നായികമാര്‍. യുവന്‍ ശങ്കര്‍ രാജയുടേതാണ് സംഗീതം. ജഗപതി റാവു, ഇളവരസു, രാജ്കുമാര്‍ ഗണേഷന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്.

ദീപാവലി റിലീസായി ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ അണിയറ പ്രവര്‍ത്തകര്‍ ഇപ്പോള്‍ ചിത്രത്തിന്റെ റിലീസ് നീട്ടിവെച്ചിരിക്കുകയാണ്. നിര്‍മാതാക്കളായ ഡ്രീം വാരിയേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റാണ് റിലീസ് നീട്ടിയ വാര്‍ത്ത അറിയിച്ചത്. സംവിധായകന്‍ സെല്‍വരാഘവന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം എന്‍ജികെയുടെ ഷൂട്ടിങ് വൈകിയിരുന്നു.

വിജയ് ചിത്രം സര്‍ക്കാരിനൊപ്പം എന്‍ജികെ തിയറ്ററുകളില്‍ മത്സരിക്കുമെന്നാണ് കരുതിയിരുന്നത്. രണ്ട് ചിത്രങ്ങളും പൊളിറ്റിക്കല്‍ എന്റര്‍ടെയ്‌നറായിരുന്നു. എന്‍ജികെ ക്രിസ്തുമസിനോ ന്യൂ ഇയറിനോ റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കാം.

Top