ന്യൂഡല്‍ഹി:എന്‍ജിഒകളുടെ പങ്കാളിത്വത്തോടെ 15,000 സ്‌കൂളുകള്‍ക്ക് സഹായം നല്‍കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. 750 പുതിയ ഏകലവ്യ മോഡല്‍ സ്‌കൂളുകളും, 100 സൈനിക സ്‌കൂളുകളും എന്നിവയും പുതുതായി സ്ഥാപിയ്ക്കും. ലഡാക്കില്‍ കേന്ദ്ര സര്‍വകലാശാല സ്ഥാപിക്കും. നാല് കോടി പട്ടിക ജാതി വിദ്യാര്‍ഥികള്‍ക്ക് 35,219 കോടി അനുവദിച്ചു. വിദ്യാഭ്യാസ മേഖലയില്‍ വലിയ മുന്നേറ്റത്തിനാണ് ഈ പദ്ധതികള്‍ വഴിവെയ്ക്കുക എന്നാണ് കേന്ദ്രം പ്രതീക്ഷിക്കുന്നത്.
ജപ്പാനുമായി സഹകരിച്ച് തൊഴില്‍ പരിശീലനത്തിന് പദ്ധതികള്‍ നടപ്പാക്കും. എല്ലാ മേഖലകളിലും അടിസ്ഥാന ശമ്പളം ഉറപ്പാക്കുമെന്നും ധനമന്ത്രി പറഞ്ഞു. അതേസമയം, രാജ്യത്ത് ആദ്യമായി ഡിജിറ്റല്‍ സെന്‍സസ് നടപ്പാക്കും. 3,768 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. ഡിസംബറില്‍ ആളില്ലാ ബഹിരാകാശ ദൗത്യം ഇന്ത്യ നടപ്പാക്കും.