ചാമ്പ്യൻസ് ലീഗ് ഫൈനലിൽ കളിക്കാനുണ്ടായിരുന്നതിനാൽ കാന്റെ വൈകിയാണ് ദേശീയ ടീം ക്യാമ്പിൽ രജിസ്റ്റർ ചെയ്തത്. ട്രെയിൻ വൈകിയതിനാൽ പ്രതീക്ഷിച്ച സമയവും കഴിഞ്ഞാണ് ടീം ക്യാമ്പ് നടക്കുന്ന ക്ലെയർഫോണ്ടെയ്‌നിലെത്താൻ താരത്തിന് കഴിഞ്ഞതും.
ലോകത്തെ ഏറ്റവും മികച്ച മിഡ്ഫീൽഡർമാരിലൊരാളായ താരത്തെ സ്വീകരിക്കാൻ കോച്ച് ദിദിയർ ദെഷാംപ്‌സും മറ്റ് സ്റ്റാഫുകളും ക്ലെയർഫോണ്ടെയ്ൻ സ്‌റ്റേഡിയത്തിന്റെ ഓഫീസിലുണ്ടായിരുന്നു. വന്നു കയറിയ പാടെ ‘എന്താണ് വൈകാൻ കാരണം?’ ചോദ്യവുമായാണ് ദെഷാംപ്‌സ് താരത്തെ എതിരേറ്റത്.
‘ക്ഷമിക്കണം, ട്രെയിൻ വൈകി’ എന്ന് പുഞ്ചിരിച്ചുകൊണ്ട് കാന്റെ മറുപടി നൽകുകയും ചെയ്തു. അതിനുള്ള ദെഷാംപ്‌സിന്റെ മറുപടി രസകരമായിരുന്നു: ‘ഓടിക്കൂടായിരുന്നോ? നിനക്ക് ട്രെയിനിനേക്കാൾ വേഗത്തിൽ ഓടാൻ കഴിയുമല്ലോ…’ മത്സരങ്ങളിൽ മറ്റ് കളിക്കാരെല്ലാം ക്ഷീണിക്കുന്ന അവസാന മിനുട്ടുകളിലും അതിവേഗത്തിൽ ഓടി എതിർ ഗോൾമുഖം വിറപ്പിക്കുന്ന കാന്റെയുടെ സന്നദ്ധതക്കും സ്റ്റാമിനക്കുമുള്ള പ്രശംസയായി മാനേജറുടെ ഈ വാക്കുകൾ.