ഇംഗ്ലണ്ടിലെ എൻഎച്ച്എസ് പ്രവർത്തനം ശക്തമല്ല, തകർച്ചയുടെ വക്കിൽ ;ഡൊണാൾഡ് ട്രംപ്

donald trump

ലണ്ടൻ: ആഗോളതലത്തിൽ ആതുരസേവന മേഖലയിൽ മാതൃകയായ ബ്രിട്ടനിലെ നാഷണൽ ഹെൽത്ത് സർവീസിന്റെ (എൻഎച്ച്എസ്) പ്രവർത്തനം ശക്തമല്ലെന്നും എൻഎച്ച്എസ് തകർച്ചയുടെ വക്കിലാണെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

പുതിയ ആരോഗ്യ പദ്ധതിക്കായുള്ള ഡെമോക്രാറ്റുകളുടെ ആവശ്യത്തോടു പ്രതികരിക്കവേയാണു ബ്രിട്ടനിലെ ആരോഗ്യരക്ഷാ സംവിധാനം പരാജയമാണെന്നും തകർച്ചയിലാണെന്നും പ്രസിഡന്റ് ചൂണ്ടിക്കാട്ടിയത്. കൂടാതെ ലണ്ടനിൽ എൻഎച്ച്എസ്സിനെ രക്ഷിക്കണമെന്നാവശ്യവുമായി ജനങ്ങൾ നടത്തിയ പ്രകടനവും ട്രംപ് സൂചിപിച്ചു.

ഈ പരാമർശങ്ങളെ ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ ഓഫിസ് തള്ളിക്കളഞ്ഞു. രാജ്യത്തെ ആരോഗ്യ സംവിധാനത്തിൽ പ്രധാനമന്ത്രിയും സർക്കാരും അഭിമാനം കൊള്ളുന്നു എന്നായിരുന്നു പ്രസിഡന്റിന്റെ പരാമർശത്തോടുള്ള ഡൗണിങ് സ്ട്രീറ്റിന്റെ പ്രതികരണം.

ലോകത്തിലെ ഏറ്റവും മികച്ച ആരോഗ്യസംവിധാനമായി ബ്രിട്ടനിലെ എൻഎച്ച്എസ്സിനെ ലോകാരോഗ്യ സംഘടന അടുത്തിടെ തിരഞ്ഞെടുത്തിരുന്നു. ഡൊണാൾഡ് ട്രംപിന്റെ അനാവശ്യ പരാമർശത്തെ ബ്രിട്ടിഷ് ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ട് ഉൾപ്പെടെയുള്ള നേതാക്കളും രൂക്ഷമായി വിമർശിച്ചു.

Top