റാന്നി സ്വദേശിനിയെ സിറിയയിലേക്ക് കൊണ്ട് പോകാന്‍ ശ്രമിച്ച കേസ് എന്‍ഐഎയ്ക്ക്

കൊച്ചി: റാന്നി സ്വദേശിനിയെ മതംമാറ്റി വിവാഹംകഴിച്ച് സിറിയയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന കേസിലെ അന്വേഷണം എന്‍.ഐ.എ. ഏറ്റെടുത്തു. തന്നെ വിവാഹം ചെയ്ത ന്യൂമാഹി പെരിങ്ങണ്ടി സ്വദേശി മുഹമ്മദ് റിയാസിനെതിരേ യുവതി നല്‍കിയ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരാണ് ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്.

ലൈംഗികചൂഷണത്തിലൂടെ തന്നെ ഭീഷണിപ്പെടുത്തി മതപരിവര്‍ത്തനം നടത്തിയെന്ന കേസില്‍ അന്വേഷണം എന്‍.ഐ.എ.യ്ക്ക് വിടണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. എറണാകുളം എന്‍.ഐ.എ. കോടതിയില്‍ പ്രഥമവിവരറിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്തുവെന്ന് കേന്ദ്രം അറിയിച്ചു. .

മുഹമ്മദ് റിയാസ് റഷീദ് (പറവൂര്‍), നഹാസ് അബ്ദുള്‍ ഖാദര്‍ (കണ്ണൂര്‍), മുഹമ്മദ് നാസിഷ് (കണ്ണൂര്‍), അബ്ദുള്‍ മുഹസിന്‍ (കണ്ണൂര്‍), ഡാനിഷ് നജീബ് (ബെഗളൂരു), ഗസില (ബെംഗളൂരു), ഫവാസ് ജമാല്‍ (പറവൂര്‍), മോയിന്‍ പട്ടേല്‍ (ബെംഗളൂരു), ഇല്യാസ് മുഹമ്മദ് (ബെംഗളൂരു) എന്നിവരാണ് പ്രതിസ്ഥാനത്തുള്ളത്.

ഇവര്‍ക്കെതിരേ നിയമവിരുദ്ധപ്രവര്‍ത്തനം തടയുന്ന യു.എ.പി.എ.കുറ്റം ചുമത്തി. മതസ്പര്‍ധവളര്‍ത്തുന്ന പ്രവര്‍ത്തനം, ക്രിമിനല്‍ ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, തടഞ്ഞുവെക്കല്‍, ബലാത്സംഗം, ഭീഷണിപ്പെടുത്തി പണം തട്ടല്‍, വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു.

ഹര്‍ജിക്കാരി ഉന്നയിച്ച എന്‍.ഐ.എ.യുടെ അന്വേഷണം, പാസ്‌പോര്‍ട്ട് തിരികെക്കിട്ടല്‍ എന്നീ ആവശ്യങ്ങള്‍ നടന്നതായി കോടതി വിലയിരുത്തി. പാസ്‌പോര്‍ട്ടിലെ പേര് പഴയപോലെയാക്കല്‍, വിവാഹം റദ്ദാക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ ഉചിതമായ വേദിയില്‍ ഉന്നയിക്കാവുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഗുജറാത്തിലെ ജാംനഗറിലാണ് യുവതിയും കുടുംബാംഗങ്ങളും താമസിച്ചുവന്നതെന്ന് ഹര്‍ജിയില്‍ പറയുന്നു. 2014-ല്‍ ബെംഗളൂരുവില്‍ ഒരു കോഴ്‌സിനുചേര്‍ന്ന യുവതിയെ അവിടെ പരിചയപ്പെട്ട യുവാവ് ലൈംഗികചൂഷണം നടത്തിയെന്നാണ് ആക്ഷേപം.

രഹസ്യമായി ചിത്രം പകര്‍ത്തി ബ്ലാക്ക്‌മെയില്‍ചെയ്തു. പുതിയപേരില്‍ വ്യാജ ആധാര്‍കാര്‍ഡുണ്ടാക്കി. അതിന്റെ അടിസ്ഥാനത്തില്‍ വിവാഹം രജിസ്റ്റര്‍ ചെയ്‌തെങ്കിലും പിന്നീട് മാതാപിതാക്കള്‍ക്കൊപ്പം പോയി. അതിനിടെ റിയാസ് കോടതിയെ സമീപിച്ചു. തുടര്‍ന്ന് വീണ്ടും റിയാസിനൊപ്പം പോയി.

തുടര്‍ന്ന്, വ്യാജപാസ്‌പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിദേശത്തേക്ക് കൊണ്ടുപോയി. സിറിയയിലേക്ക് കടത്താന്‍ ശ്രമം നടന്നു. അതിനുമുന്‍പായി അച്ഛനെ വിവരം അറിയിച്ച് അഹമ്മദാബാദില്‍ തിരിച്ചെത്തുകയായിരുന്നെന്ന് ഹര്‍ജിക്കാരി പറയുന്നു.

Top