എന്‍.ഐ.എ നിഗമനം പുറത്ത് വിട്ടത് ദേശീയ ചാനല്‍, വെട്ടിലായി പ്രതിപക്ഷം

രണാധികാരികളുടെ രാഷ്ട്രീയമല്ല അവര്‍ സ്വീകരിക്കുന്ന നിലപാടുകളാണ് പ്രസക്തം. സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍.ഐ.എ കേരള സെക്രട്ടറിയേറ്റില്‍ പല തവണയാണ് പരിശോധന നടത്തിയിരിക്കുന്നത്. അതിന് അവര്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത് പിണറായി സര്‍ക്കാറാണ്. എന്‍.ഐ.എ സെക്രട്ടറിയേറ്റില്‍ കയറിയത് നാണക്കേടായാണ് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നത്. എന്നാല്‍ ‘മടിയില്‍ കനമുള്ളവന്‍’ മാത്രം പേടിച്ചാല്‍ മതിയെന്ന നിലപാടിലാണ് മുഖ്യമന്ത്രി. ഇത് ധീരമായ ഒരു സമീപനമാണ്. തന്റെ പ്രൈവറ്റ് സെക്രട്ടറി ചെയ്ത തെറ്റിന് അദ്ദേഹം സ്വയം അനുഭവിക്കട്ടെ എന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്നത്. പ്രതിപക്ഷം ഏറെ ആഗ്രഹിച്ചിട്ടും മുഖ്യമന്ത്രിയിലേക്ക് ഇതുവരെ എന്‍.ഐ.എ അന്വേഷണം നീണ്ടിട്ടില്ല. സെക്രട്ടറിയേറ്റിലുണ്ടായ തീപിടുത്തം വിവാദമാക്കാന്‍ ശ്രമിച്ചപ്പോള്‍ അതും ഒടുവില്‍ ഉണ്ടയില്ലാ വെടിയായാണ് മാറിയത്.

സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ മത്സരിച്ച ബി.ജെ.പിയുടെ വീര്യം അനില്‍ നമ്പ്യാര്‍ക്കെതിരായ സ്വപ്നയുടെ മൊഴിയോടെ എന്തായാലും തീരുമാനമായിട്ടുണ്ട്. ജനം ടിവിയുമായി പാര്‍ട്ടിക്ക് ബന്ധമില്ലന്ന ബി.ജെ.പി നിലപാടോടെ ആ പാര്‍ട്ടി തന്നെയാണ് പരിഹാസ്യരായിരിക്കുന്നത്. ജനം ടി.വി കോര്‍ഡിനേറ്റിംങ് എഡിറ്ററായ അനില്‍ നമ്പ്യാര്‍ രമേശ് ചെന്നിത്തലയുടെ അടുത്ത സുഹൃത്തായതിനാല്‍ ചെന്നിത്തലയുടെയും ‘നാവ്’ പൊങ്ങാത്ത സാഹചര്യമാണുള്ളത്. ഈ പ്രതികൂല സാഹചര്യത്തില്‍ ഓര്‍ക്കാപ്പുറത്തുള്ള ഒരു പ്രഹരം കൂടിയാണിപ്പോള്‍ പ്രതിപക്ഷത്തിന് കിട്ടിയിരിക്കുന്നത്.

മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ന്യൂസ് 18 ചാനല്‍ പുറത്ത് വിട്ട വിവരമാണ് പ്രതിപക്ഷ വാദത്തിന്റെ മുനയൊടിച്ചിരിക്കുന്നത്. വിവാദ സ്വര്‍ണ്ണക്കടത്ത് സംഭവത്തില്‍ മുഖ്യമന്ത്രിക്ക് യാതൊരു പങ്കുമില്ലന്നാണ് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്‍.ഐ.എ ഉന്നതരെ ഉദ്ധരിച്ചാണ് ഈ എക്‌സ്‌ക്ലൂസീവ് വാര്‍ത്ത. മുഖ്യമന്ത്രിയെ പ്രതിയാക്കാനോ സ്ഥാപനമെന്ന നിലയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍ തെളിയിക്കാനോ ഉള്ള തെളിവുകള്‍ കിട്ടിയിട്ടില്ലെന്നാണ് എന്‍.ഐ.എ പറയുന്നതെന്നാണ് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രതിപക്ഷം ഒരിക്കലും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത വാര്‍ത്തയാണിത്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് എല്ലാം നടന്നതെന്നാണ് അവര്‍ നിരന്തരം വാദിച്ചിരുന്നത്. ന്യൂസ് 18 സി.പി.എം ചാനല്‍ അല്ലാത്തതിനാല്‍ ഈ ചാനലിനെയും തള്ളിപ്പറയാന്‍ പ്രതിപക്ഷത്തിന് കഴിയുകയില്ല. പ്രധാനമന്ത്രി മുതല്‍ സോണിയ ഗാന്ധി വരെ നീളുന്നതാണ് ചാനല്‍ ഉടമ മുകേഷ് അംബാനിയുടെ സൗഹൃദം. പിണറായി ഉള്‍പ്പെടെയുള്ള കമ്യൂണിസ്റ്റുകള്‍ കുത്തക മുതലാളിമാരായി മുദ്ര കുത്തന്നതും അംബാനിമാരെയാണ്. കമ്യൂണിസ്റ്റുകള്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാറുകളെ ഒരിക്കലും കുത്തക മുതലാളിത്വം ആഗ്രഹിക്കുകയുമില്ല. കിട്ടുന്ന അവസരത്തില്‍ തകര്‍ക്കാനാണ് അവരും ശ്രമിക്കുക.

എന്നാല്‍, ഇവിടെ അതില്‍ നിന്നെല്ലാം വ്യത്യസ്തമായി അംബാനിയുടെ ചാനല്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കില്‍ അത് ലഭിച്ച വിവരം യാഥാര്‍ത്ഥ്യമായത് കൊണ്ടു തന്നെയാണ്. അതുകൊണ്ടാണ് പ്രതിപക്ഷത്തിന്റെ പ്രതികരണം പോലും ഇപ്പോള്‍ ദുര്‍ബലമായിരിക്കുന്നത്. തുടക്കം മുതല്‍ മുഖ്യമന്ത്രി സ്വീകരിച്ച നിലപാടിനെ സാധൂകരിക്കുന്ന റിപ്പോര്‍ട്ടാണിത്. കേന്ദ്ര ഏജന്‍സികളില്‍ നല്ല ബന്ധമുള്ള റിപ്പോര്‍ട്ടര്‍ തന്നെയാണ് ഈ വാര്‍ത്തയും പുറത്ത് വിട്ടിരിക്കുന്നത്. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും കേരള മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ ഒരു താരതമ്യവും ഈ ഘട്ടത്തില്‍ നല്ലതായിരിക്കും. സി.ബി.ഐ അന്വേഷണത്തിന് എത്തിയപ്പോള്‍ അവരെ തന്നെ കസ്റ്റഡിയിലെടുത്ത ചരിത്രമാണ് ബംഗാള്‍ പൊലീസിന് പറയാനുള്ളത്. എന്നാല്‍ കേരളത്തില്‍ എന്‍.ഐ.എ സംഘത്തിന് ചുവപ്പ് പരവതാനിയാണ് വിരിച്ചിരിക്കുന്നത്. കേന്ദ്ര സംഘത്തിന് ആവശ്യമായ എല്ലാ സഹായവും നല്‍കാനാണ് മുഖ്യമന്ത്രി നിര്‍ദേശിച്ചിരിക്കുന്നത്. കേന്ദ്ര ഏജന്‍സികളെ അത്ഭുതപ്പെടുത്തിയ തീരുമാനം കൂടിയാണിത്. മമത ഭരണകൂടത്തേക്കാള്‍ കമ്യൂണിസ്റ്റുകളാണ് ബി.ജെ.പിയുടെ പ്രധാന ശത്രുക്കള്‍. അത് കാവി രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രപരമായ നിലപാടു കൂടിയാണ്.

കമ്യൂണിസ്റ്റുകളെ സംബന്ധിച്ചും നമ്പര്‍ വണ്‍ ശത്രുക്കള്‍ സംഘ പരിവാറാണ്. ബലിദാനികളുടെയും രക്തസാക്ഷികളുടെയും ചരിത്രം തന്നെ ആ ശത്രുതയുടെ ആഴം വ്യക്തമാക്കുന്നതാണ്. ഈ ശത്രുതയെല്ലാം മാറ്റിവച്ചാണ് കേന്ദ്ര ഏജന്‍സിയോട് ഇടതുപക്ഷ സര്‍ക്കാറിപ്പോള്‍ സഹകരിക്കുന്നത്. കേന്ദ്ര ‘ഇടപെടല്‍’ ഇതുവരെ സി.പി.എം ആരോപിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. അന്വേഷണം വഴിതെറ്റിക്കുമ്പോള്‍ മാത്രം പ്രതികരിക്കാം എന്നതാണ് സി.പി.എമ്മിന്റെയും സര്‍ക്കാറിന്റെയും നിലപാട്. അന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നാണ് മന്ത്രിമാരും പ്രതികരിച്ചിരിക്കുന്നത്. ‘കലക്കു വെള്ളത്തില്‍ മീന്‍ പിടിക്കാന്‍’ ആഗ്രഹിച്ച പ്രതിപക്ഷമാണ് ഇതോടെ വെട്ടിലായിരിക്കുന്നത്. ബംഗാള്‍ ‘മോഡല്‍’ ഒരു സീനാണ് അവര്‍ ഇവിടെയും പ്രതീക്ഷിച്ചിരുന്നത്. പിണറായിയുടെ തന്ത്രപരമായ നീക്കം ആ പ്രതീക്ഷകളെയാണ് തകിടം മറിച്ചിരിക്കുന്നത്. സ്വര്‍ണ്ണം കൂടി ചതിച്ചാല്‍ ഇനി എന്തുപറഞ്ഞ് വോട്ട് പിടിക്കുമെന്നതാണ് പ്രതിപക്ഷത്തെ കുഴക്കുന്ന നിലവിലെ പ്രധാന ചോദ്യം.

Top