ഗിലാനിയുമായി അടുപ്പമുള്ളവരുടെ വസതികളിലും ഓഫീസുകളിലും എന്‍.ഐ.എ റെയ്ഡ്

ജമ്മു: വിഘടനവാദി നേതാവ് സയിദ് അലി ഷാ ഗിലാനിയുമായി അടുപ്പമുള്ളവരുടെ ജമ്മുവിലെ വസതികളിലും ഓഫീസുകളിലും ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ)യുടെ റെയ്ഡ്.

ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കുന്ന സാമ്പത്തിക സഹായം സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ്. ഗിലാനിയുടെ മക്കളായ നയീം, നസീം എന്നിവര്‍ക്ക് എന്‍.ഐ.എ സമന്‍സ് നല്‍കിയിട്ടുണ്ടെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. എന്‍.ഐ.എ ആസ്ഥാനത്ത് എത്താന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ്.

ഗിലാനിയുമായി അടുപ്പമുള്ള ഒരു അഭിഭാഷകന്റെ വീട്ടിലും എന്‍.ഐ.എ റെയ്ഡ് നടത്തിയെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അഭിഭാഷകന്റെ വിദേശയാത്രകള്‍ അന്വേഷണ ഏജന്‍സിയുടെ നിരീക്ഷണത്തിലാണ്.

11 വര്‍ഷം പാകിസ്താനില്‍ ചിലവഴിച്ചശേഷം 2010-ലാണ് ഗിലാനിയുടെ മകനും ശസ്ത്രക്രിയാ വിദഗ്ദ്ധനുമായ നയീം ഇന്ത്യയില്‍ തിരിച്ചെത്തിയിട്ടുള്ളത്. ഗിലാനിയുടെ മരുമകന്‍ അല്‍ത്താഫ് അഹമ്മദ് ഷാ, തെഹ്രീക് ഇ ഹുറീയത്ത് എന്ന സംഘടനയുടെ വക്താവ് അയാസ് അക്ബര്‍ എന്നിവര്‍ അടക്കമുള്ള പലരെയും എന്‍.ഐ.എ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എല്ലാവരും എന്‍.ഐ.എ കസ്റ്റഡിയിലാണിപ്പോള്‍.

ഹവാല ഇടപാടുകള്‍ അടക്കമുള്ളവ നടത്തി സമാഹരിക്കുന്ന പണം കശ്മീര്‍ താഴ് വരയില്‍ അശാന്തി പരത്താന്‍ ഉപയോഗിക്കുന്നുവെന്ന കേസാണ് എന്‍.ഐ.എ അന്വേഷിക്കുന്നത്.

ജമ്മു കശ്മീരിലും ഡല്‍ഹിയിലും ഹരിയാനയിലും കേസ് അന്വേഷണത്തിന്റെ ഭാഗമായി എന്‍.ഐ.എ പരിശോധനകള്‍ നടത്തിയിരുന്നു. നിരവധി രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും പണവും അടക്കമുള്ളവ കണ്ടെത്തിയിരുന്നു. 90 കള്‍ക്കുശേഷം ആദ്യമായാണ് വിഘടനവാദി നേതാക്കളുടെ കേന്ദ്രങ്ങളില്‍ ദേശീയ ഏജന്‍സി റെയ്ഡുകളും അറസ്റ്റും അടക്കമുള്ളവ നടത്തുന്നത്.

Top