ഭീകരരുടെ പട്ടിക പുറത്തുവിട്ട് എന്‍ഐഎ; മാവോയിസ്റ്റ് നേതാവിന്റെ തലയ്ക്ക് വന്‍തുക!

ന്യൂഡല്‍ഹി: രാജ്യം അന്വേഷിക്കുന്ന ഭീകരരുടെ ലിസ്റ്റ് പുറത്തു വിട്ട് ദേശീയ ഏജന്‍സിയായ എന്‍ഐഎ. ലക്ഷ്വറി ത്വയ്ബ നേതാവ് ഹഫീസ് സെയ്ദ്, ഹിസ്ബ് ഉള്‍ മുജാഹിദ്ദീന്റെ സെയ്ദ് സലാലുദ്ദീന്‍, 26/11 ആക്രമണത്തിലെ സക്കീര്‍ റഹ്മാന്‍ ലഖ്വി തുടങ്ങിയ 258 പേരുടെ വിവരങ്ങളാണ് എന്‍ഐഎ പുറത്തു വിട്ടത്. എന്നാല്‍, പാക്കിസ്ഥാനില്‍ നിന്നുള്ള ഭീകര പ്രവര്‍ത്തകരുടെ തലയക്ക് പോലും പ്രതിഫലം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും തെലങ്കാനയിലെ മാവോയിസ്റ്റ് നേതാവിനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് വന്‍ തുകയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.

ഇവരെ പിടികൂടാന്‍ സഹായിക്കുന്നവരുടെ സുരക്ഷ ഏജന്‍സി ഉറപ്പു വരുത്തും. assistance.nia@gov.in എന്ന ഇമെയില്‍ അഡ്രസ്സിലോ 011-24368800 എന്ന നമ്പറിലോ വിവരങ്ങള്‍ അറിയിക്കാവുന്നതാണ്.

258 പേരുടെ പട്ടികയില്‍ 15 പേര്‍ സ്ത്രീകളാണ്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍, ആയുധ പരിശീലനം, ബോംബുകള്‍ സ്ഥാപിക്കുക തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

മാവോയിസ്റ്റുകളായ ആളുകള്‍ക്കെതിരെയും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കേന്ദ്ര സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തുന്നു എന്നതാണ് ഇവര്‍ക്കെതിരായ കുറ്റം.

ലിസ്റ്റിലെ 57 പേരുടെ തലയ്ക്ക് പ്രതിഫലം വാഗ്ദാനം ചെയ്തിട്ടുണ്ട്. മുപ്പല്ല ലക്ഷമണ്‍ റാവു അലിയാസ് ഗണപതി എന്ന മാവോയിസ്റ്റ് നേതാവിന്റെ തലയ്ക്കാണ് ഏറ്റവുമധികം പ്രതിഫലം പ്രഖ്യാപിച്ചിട്ടുള്ളത്. 15 ലക്ഷം രൂപയാണ് എന്‍ഐഎയുടെ പ്രഖ്യാപനം. നിരോധിച്ച മാവോയിസ്റ്റ് സംഘത്തലവനാണ് ഇദ്ദേഹം. ഇയാളുടെ അനുയായിയ്ക്കും 10 ലക്ഷത്തിന്റെ പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്. ഐഇഡികളെക്കുറിച്ചും മറ്റ് ആധുനിക ആയുധങ്ങളെക്കുറിച്ചും അറിവുള്ളവരാണ് ഇവര്‍.

ലിസ്റ്റിലുള്ള 15 പേര്‍ പാക്കിസ്ഥാനിലുള്ളവരാണ്. ഇവര്‍ക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പ്രഖ്യാപിച്ചു. 2011ല്‍ 50 പാക്കിസ്ഥാന്‍ ഭീകരരുടെ പട്ടിക ഇന്ത്യ പുറത്തുവിട്ടിരുന്നു.

Top