തിരുവനന്തപുരം: കേരത്തില്‍ നിന്നും ആഗോള ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേര്‍ന്നുവെന്ന് കണ്ടെത്തിയ 21 മലയാളികളെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച് ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ).
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 6 സ്ത്രീകള്‍ ഉള്‍പ്പെട്ട ഈ 21 പേരുടെ ചിത്രങ്ങളും എന്‍ഐഎ പുറത്തുവിട്ടിട്ടുണ്ട്.ഇതില്‍ 14 പേര്‍ 26 വയസിനുള്ളില്‍ പ്രായമുള്ളവരാണ്. കോഴിക്കോട് സ്വദേശിയായ 36 വയസുകാരനായ ഷജീര്‍ മംഗലശേരിയാണ് ഈ കൂട്ടത്തിലെ ഏറ്റവും പ്രായം ചെന്നയാള്‍.
കഴിഞ്ഞ ജൂണിലാണ് വിവിധ മതവിഭാഗത്തില്‍ പെട്ട ഇവര്‍ ഇസ്ലാം മതം സ്വീകരിച്ച ശേഷം ഐഎസില്‍ ചേര്‍ന്നതെന്നാണ് എന്‍ഐഎയുടെ നിഗമനം.കേരളത്തില്‍ നിന്നും മലയാളികളെ കാണാതായ കേസ് നിലവില്‍ എന്‍.ഐ.എ അന്വേഷിച്ച് വരികയാണ്.
ചെറിയ സംഘങ്ങളായാണ് ഇവര്‍ കേരളം വിട്ടത്. ജൂണ്‍ രണ്ടിന് ആദ്യ രണ്ട് പേര്‍ ബംഗളൂരു-കുവൈറ്റ് വിമാനത്തിലാണ് രാജ്യം വിട്ടത്. അടുത്ത ദിവസം മൂന്ന് പേര്‍ ഹൈദരാബാദില്‍ നിന്നുള്ള മസ്‌കറ്റ് വിമാനത്തില്‍ ഇന്ത്യ വിട്ടു. ജൂണ്‍ 5ന് മുംബൈ-ദുബായ് വിമാനത്തില്‍ അടുത്ത മൂന്ന് പേരും ജൂണ്‍ 16ന് ബംഗളൂരു-മസ്‌ക്കറ്റ് വിമാനത്തില്‍ മൂന്ന് പേരും രാജ്യം വിട്ടു. പിന്നാലെ മറ്റുള്ളവരും രാജ്യം വിട്ടുവെന്നാണ് എന്‍ഐഎ വ്യക്തമാക്കുന്നത്.
കേരളത്തില്‍ നിന്ന് 21 പേര്‍ ഐഎസില്‍ ചേര്‍ന്നതായാണ് ഔദ്യോഗിക വിവരമെങ്കിലും സിറിയ,നംഗര്‍ഹാര്‍ തുടങ്ങിയ മേഖലകളിലായി സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ എണ്‍പതോളം മലയാളികള്‍ ഭീകര സംഘടനയില്‍ ഇപ്പോഴുണ്ടെന്നാണ് നിഗമനം.