രാമേശ്വരം കഫേ സ്‌ഫോടനക്കേസ് പ്രതിയെ കുറിച്ചുള്ള വിവരങ്ങള്‍ അറിയിക്കുന്നവര്‍ക്ക് പത്തുലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ച് എന്‍ഐഎ. വിവരങ്ങള്‍ കൈമാറുന്നവരുടെ പേര് വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും എന്‍ഐഎ അറിയിച്ചു.
മാര്‍ച്ച് ഒന്നാം തീയതിയാണ് ബംഗളൂരു രാമേശ്വരം കഫേയില്‍ സ്‌ഫോടനം നടന്നത്. സംഭവത്തില്‍ ഒന്‍പത് പേര്‍ക്ക് പരുക്കേറ്റിരുന്നു. തൊപ്പിയും മാസ്‌കും ധരിച്ച് 11.30ന് കഫേയില്‍ എത്തിയ വ്യക്തിയാണ് ഐഇഡി അടങ്ങിയ ബാഗ് കഫേയില്‍ കൊണ്ട് വച്ചത്. ഇയാളുടെ സിസി ടിവി ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്നിരുന്നു. എന്നാല്‍ ദൃശ്യങ്ങളില്‍ മുഖം വ്യക്തമല്ലായിരുന്നു. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസങ്ങളില്‍ നാല് പേരെ അന്വേഷണസംഘം കസ്റ്റഡിയില്‍ എടുത്തിരുന്നു.
അതേസമയം, ബംഗളൂരുവില്‍ ഇന്ന് വീണ്ടും ബോംബ് സ്‌ഫോടന ഭീഷണി ഉയര്‍ന്നു. ബംഗളൂരുവില്‍ വിവിധയിടങ്ങളില്‍ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു ഇമെയില്‍ വഴി വന്ന സന്ദേശം. മുഖ്യമന്ത്രി, ഡിജിപി, ആഭ്യന്തര മന്ത്രി എന്നിവരുടെ ഇമെയില്‍ ഐഡികളിലാണ് സന്ദേശമെത്തിയത്. ഷഹീദ് ഖാന്‍ എന്ന് പേരുള്ള ഒരു ഐഡിയില്‍ നിന്നാണ് ഭീഷണി സന്ദേശം വന്നതെന്നും ഇരുപത്തിയഞ്ച് ലക്ഷം രൂപ തന്നില്ലെങ്കില്‍ ബോംബ് സ്‌ഫോടനം നടത്തുമെന്നാണ് ഭീഷണി സന്ദേശത്തില്‍ പറയുന്നതെന്നും പൊലീസ് അറിയിച്ചു. ഭീഷണി സന്ദേശത്തിന് പിന്നാലെ നഗരത്തില്‍ പൊലീസ് നേതൃത്വത്തില്‍ വ്യാപക പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ല. സംഭവത്തില്‍ ബംഗളൂരു പൊലീസിന്റെ സൈബര്‍ വിങ് കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രാമേശ്വരം കഫേ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ നേരത്തെ തന്നെ നഗരത്തില്‍ സുരക്ഷ ശക്തമാക്കിയിരുന്നു.