അലന്റെയും താഹയുടെയും ജാമ്യം റദ്ദാക്കാന്‍ എന്‍ഐഎ

കൊച്ചി: പന്തീരങ്കാവ് യുഎപിഎ കേസിലെ പ്രതികളായ അലന്‍ ഷുഹൈബും ത്വാഹ ഫസലും ഇന്ന് ജയില്‍ മോചിതരാകാനിരിക്കെ ജാമ്യം റദ്ദാക്കാന്‍ എന്‍ഐഎ രംഗത്ത്. കീഴ്‌ക്കോടതിയില്‍ ജാമ്യവ്യവസ്ഥകള്‍ പൂര്‍ത്തിയാക്കുന്ന നടപടികള്‍ നടക്കുമ്പോഴാണ് നാടകീയമായി ഇന്ന് തന്നെ ഹൈക്കോടതിയില്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അടിയന്തരമായി എന്‍ഐഎ സമീപിക്കുന്നത്.

ജാമ്യം ഇന്ന് നല്‍കുന്നത് തടയണമെന്നും, ഇത് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ടെന്നും കാട്ടി എന്‍ഐഎ കോടതിയില്‍ അന്വേഷണസംഘം അപേക്ഷ നല്‍കിയെങ്കിലും ഇത് വിചാരണക്കോടതി തള്ളി. ഹൈക്കോടതി ഇന്ന് പിരിഞ്ഞാല്‍ നാളെയും മറ്റന്നാളും അവധി ദിനങ്ങളാണ്. അതിനാലാണ് അലനും ത്വാഹയ്ക്കും ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെട്ട് ഇന്ന് തന്നെ കോടതിയില്‍ എന്‍ഐഎ എത്തുന്നത്.

ഇവര്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നതിന് കൃത്യമായ തെളിവുകളുണ്ടെന്നും, ഇത് സീല്‍ വച്ച കവറില്‍ ഹാജരാക്കാന്‍ തയ്യാറാണെന്നുമാണ് എന്‍ഐഎ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. അല്‍പസമയത്തിനകം ഹര്‍ജി ഹൈക്കോടതി പരിഗണിക്കാനാണ് സാധ്യത.

Top