പന്തീരങ്കാവ് യുഎപിഎ കേസില്‍ അലനെയും താഹയെയും എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി. ഇരുവരേയും നാളെ കോടതിയില്‍ ഹാജരാക്കാനാണ് നിര്‍ദേശം. എന്നാല്‍ എത്ര ദിവസത്തേക്കാണ് കസ്റ്റഡി എന്ന് കോടതി നാളെ വ്യക്തമാക്കും എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം താഹ ഫസലിന്റെ വീട്ടില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശനം നടത്തിയിരുന്നു. രാവിലെ എട്ട് മണിയോടെ താഹയുടെ വീട്ടില്‍ എത്തിയ അദ്ദേഹം ബന്ധുക്കളെ കണ്ട് കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചിരുന്നു.
യുഎപിഎ കേസ് നിയമസഭയില്‍ വീണ്ടും ഉന്നയിക്കുമെന്ന് ചെന്നിത്തല പറഞ്ഞു. യുഎപിഎ ചുമത്തുന്ന എല്ലാ കേസുകളും എന്‍ഐഎ ഏറ്റെടുക്കാറില്ല. എന്നാല്‍ ഈ കേസ് എന്‍ഐഎയുടെ കൈയ്യിലേക്ക് കേസെത്തുന്നത് സംസ്ഥാനസര്‍ക്കാരിന്റെ ഇടപെടല്‍ മൂലമാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.
മാത്രമല്ല അലന്‍ ഷുഹൈബിനെയും താഹ ഫസലിനെയും മോചിപ്പിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് നിവേദനം നല്‍കാനൊരുങ്ങിയിരിക്കുകയാണ് ഗവ.ബ്രണ്ണന്‍ കോളേജിലെ ഒരുവിഭാഗം അധ്യാപകര്‍. അലന്റെയും താഹയുടെയും മാവോവാദിബന്ധം സി.പി.എം. ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് പാര്‍ട്ടി അധ്യാപകസംഘടനയിലെ ഭാരവാഹികളടക്കം നിവേദനവുമായി മുന്നോട്ടുവന്നിരിക്കുന്നത്.