വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫാവാന്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കി നിക്ക് അയേഴ്‌സ്

വാഷിംങ്ടണ്‍ ഡിസി : വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫാവാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് അറിയിച്ച് നിക്ക് അയേഴ്‌സ്. ചീഫ് ഓഫ് സ്റ്റാഫ് സ്ഥാനത്ത് നിന്ന് ജോണ്‍ കെല്ലി ഈ വര്‍ഷം പടിയിറങ്ങുമ്പോള്‍ നിക്ക് അയേഴ്‌സാവും എത്തുക എന്ന് സൂചനകള്‍ ലഭിച്ചിരുന്നു.

നിലവില്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ ചീഫ് ഓഫ് സ്റ്റാഫായി ജോലി ചെയ്യുകയാണ് നിക്ക്. എന്നാല്‍ ഈ പദവിയും ഏതാനും മാസങ്ങള്‍ക്കകം ഉപേക്ഷിക്കുമെന്ന് നിക്ക് അറിയിച്ചു.

കെല്ലിക്ക് പകരമായി റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസംഗം മാര്‍ക് മെഡോസ്, ബജറ്റ് ഡയറക്ടര്‍ മിക് മുല്‍വേനി, തുടങ്ങിയവരാണ് ഇപ്പോള്‍ പരിഗണനയിലുള്ളതെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്തു.

ജോണ്‍ കെല്ലി ഈമാസം അവസാനം രാജിവെക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. റീന്‍സ് പ്രീബസിന്റെ രാജിയെ തുടര്‍ന്ന് 2017 ജൂലൈ 31നാണ് മുന്‍ നാവികസേന ജനറലായിരുന്ന കെല്ലി (68) ചീഫ് ഓഫ് സ്റ്റാഫ് ആയി നിയമിതനായത്. ആഭ്യന്തര സുരക്ഷ സെക്രട്ടറിസ്ഥാനം രാജിവെച്ചാണ് പദവിയേറ്റെടുത്തത്.

Top