ത്രിരാഷ്ട്ര ട്വന്റി20; ഇന്ത്യക്കെതിരെ ശ്രീലങ്കയ്ക്ക് 175 റണ്‍സ് വിജയലക്ഷ്യം

കൊളംബോ: നിദാഹാസ് ട്രോഫിക്കുള്ള ത്രിരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരെ ശ്രീലങ്കയ്ക്ക് 175 റണ്‍സ് വിജയലക്ഷ്യം.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെടുത്തു. അര്‍ദ്ധ സെഞ്ച്വറി നേടിയ ശിഖര്‍ ധവാന്റെ (90) ബാറ്റിംഗ് കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്.

സ്‌കോര്‍ ബോര്‍ഡില്‍ ഒരു റണ്‍സ് മാത്രം ആകുന്നതിനിടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ വിക്കറ്റ് വീഴ്ത്തി ദുഷ്മന്ത ചമീര ആതിഥേയര്‍ക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചു. പിന്നാലെ സുരേഷ് റെയ്‌നയെ വീഴ്ത്തി ധനുഷ്‌ക ഗുണതിലകെ ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി നല്‍കി.

എന്നാല്‍ ധവാനൊപ്പം മനീഷ് പാണ്ഡെ (37) എത്തിയതോടെ ഇന്ത്യയുടെ സ്‌കോര്‍ മുന്നോട്ട് നീങ്ങി. 95 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത്.

സെഞ്ച്വറിക്ക് പത്ത് റണ്‍സകലെ ധവാന്‍ പുറത്തായെങ്കിലും ഇന്ത്യയുടെ സ്‌കോര്‍ ഭേദപ്പെട്ട നിലയില്‍ എത്തിയിരുന്നു.

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി, വിക്കറ്റ് കീപ്പര്‍ മഹേന്ദ്ര സിംഗ് ധോണി, ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യ തുടങ്ങി പ്രമുഖ കളിക്കാരൊന്നും ഇല്ലാതെയാണ് ത്രിരാഷ്ട്ര പരമ്പരയില്‍ ഇന്ത്യ ഇറങ്ങിയത്. വരാനിരിക്കുന്ന ദൈര്‍ഘ്യമേറിയ പരമ്പരകള്‍ പരിഗണിച്ചാണ് പ്രമുഖ താരങ്ങള്‍ക്ക് ബിസിസിഐ വിശ്രമം അനുവദിച്ചത്.

Top