മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ ഓഹരി സൂചികകളില്‍ കനത്ത നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 1020 പോയന്റ് നഷ്ടത്തില്‍ 55,991ലും നിഫ്റ്റി 308 പോയന്റ് താഴ്ന്ന് 16,676ലുമാണ് വ്യാപാരം ആരംഭിച്ചത്.
ഒമിക്രോണ്‍ വകഭേദത്തിന്റെ അതിവേഗ വ്യാപനംമൂലമുള്ള ആശങ്കയാണ് വിപണിയെ ബാധിച്ചത്. സമൂഹവ്യാപനമുള്ള പ്രദേശങ്ങളില്‍ ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ കേസുകളുടെ എണ്ണം ഇരട്ടിയാകുമെന്ന് അടുത്തിടെ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഒന്നരവര്‍ഷത്തിനിടെ ഇതാദ്യമായി ചൈന വായ്പാ നിരക്ക് കുറച്ചതും ഏഷ്യന്‍ സൂചികകളെ ബാധിച്ചു. ചൈനയിലെ സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലാകുമെന്ന ആശങ്കയാണ് ഇതേതുടര്‍ന്നുണ്ടായത്.
ടിസിഎസ്, നെസ് ലെ, സണ്‍ ഫാര്‍മ, ഇന്‍ഫോസിസ്, ഡോ.റെഡ്ഡീസ് ലാബ്, എച്ച്‌സിഎല്‍ ടെക്, ടെക് മഹീന്ദ്ര, എന്‍ടിപിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐടിസി, ഐസിഐസിഐ ബാങ്ക്, മാരുതി സുസുകി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തില്‍.
എല്ലാ സെക്ടറല്‍ സൂചികകളും നഷ്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളില്‍ 2.5ശതമാനത്തിലേറെ താഴ്ന്നാണ് വ്യാപാരം നടക്കുന്നത്.