മുംബൈ: ഓഹരി വിപണിയുടെ ചരിത്രത്തില്‍ ആദ്യമായി വ്യാപാരം ആരംഭിച്ചയുടനെ തന്നെ സൂചിക 38,000 പിന്നിട്ടു. നിഫ്റ്റി 11,450 ഭേദിക്കുകയും ചെയ്തു. ഐസിഐസിഐ ബാങ്കും, ആക്‌സിസ് ബാങ്കും, എസ്ബിഐയും മികച്ച നേട്ടമുണ്ടാക്കി.
വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ സെന്‍സെക്‌സ് 136.81 പോയിന്റ് ഉയര്‍ന്ന് 38024.37ലെത്തിയിരുന്നു. നിഫ്റ്റിയാകട്ടെ 21.60 പോയിന്റ ഉയര്‍ന്ന് 11471.60ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 1336 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1327 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ആക്‌സിസ് ബാങ്ക്, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, ഇന്‍ഫോസിസ്, ടാറ്റ മോട്ടോഴ്‌സ്, വേദാന്ത, ഐടിസി, വിപ്രോ, റിലയന്‍സ് തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു.
ഭാരതി എയര്‍ടെല്‍, സിപ്ല, ഒഎന്‍ജിസി, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്‌സിഎല്‍ ടെക്, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വിദേശ നിക്ഷേപകര്‍ക്ക് രാജ്യത്തെ ഓഹരി വിപണിയില്‍ വീണ്ടും താല്‍പ്പര്യം ജനിച്ചതാണ് കുതിപ്പിന് സാഹായകരമായത്. ബുധനാഴ്ച മാത്രം 568.63 കോടി രൂപയുടെ ഓഹരികളാണ് അവര്‍ വാങ്ങിക്കൂട്ടിയത്.