കലാപം ശക്തമാകുന്ന സാഹചര്യത്തില്‍ ആഫ്രിക്കന്‍ രാജ്യമായ നൈജറില്‍നിന്ന് ഇന്ത്യക്കാര്‍ മടങ്ങിവരണമെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി. കലാപത്തിന്റെ പശ്ചാത്തലത്തില്‍ വ്യോമപാതകള്‍ അടച്ചതിനാല്‍ കരമാര്‍ഗം മാത്രമേ യാത്ര ചെയ്യാനാവൂ. സ്ഥിതിഗതികള്‍ സര്‍ക്കാര്‍ നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യക്കാര്‍ എത്രയും പെട്ടെന്ന് നാട്ടിലേക്ക് മടങ്ങണം. ഇന്ത്യയില്‍ നിന്ന് നൈജറിലേക്ക് യാത്ര ചെയ്യാന്‍ തയ്യാറെടുക്കുന്നവര്‍ സ്ഥിതിഗതികള്‍ ശാന്തമാകുന്നതുവരെ യാത്ര മാറ്റിവയ്ക്കണമെന്നും ബാഗ്ചി നിര്‍ദേശിച്ചു.
ജൂലൈ 26ന് പ്രസിഡന്റ് മുഹമ്മദ് ബസൂമിനെ നിഷ്‌കാസിതനാക്കി സൈന്യം അധികാരം പിടിച്ചെടുത്തതോടെയാണ് നൈജറില്‍ പ്രതിസന്ധി രൂക്ഷമായത്. മൂന്ന് വര്‍ഷത്തിനിടെ പടിഞ്ഞാറന്‍, മധ്യ ആഫ്രിക്കയിലെ ഏഴാമത്തെ അട്ടിമറിയാണിത്. തീവ്രവാദികള്‍ക്കെതിരായ പോരാട്ടത്തില്‍ പാശ്ചാത്യ രാജ്യങ്ങളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ആഫ്രിക്കന്‍ രാജ്യമാണ് നൈജര്‍. ഇതിന്റെ ഭാഗമായി യുഎസ്, ഫ്രാന്‍സ്, ഇറ്റലി എന്നിവിടങ്ങളില്‍നിന്നുള്ള സൈന്യത്തേയും നൈജറില്‍ വിന്യസിച്ചിട്ടുണ്ട്.