അബൂജ : ഏറ്റവും ദൈർഘ്യമേറിയ മാരത്തൺ വായനയിൽ പുതിയ ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി നൈജീരിയക്കാരനായ ബയോഡ് ട്രൂസസ് ഒലാവണിമി. ഏറ്റവും കൂടുതൽ സമയം ഉച്ചത്തിൽ പുസ്തകം വായിച്ചാണ് ഈ നേട്ടം ബയോഡ് സ്വന്തമാക്കിയത്.
ബയോഡ് ശനിയാഴ്ച 3:30ന് ആണ് പുതിയ റെക്കോർഡ് സ്ഥാപിച്ചത്. ലാഗോസ്സിലെ യൂറീഡ് ലൈബ്രറിയിലാണ് ദൈർഘ്യമേറിയ ഈ മാരത്തൺ വായന നടന്നത്. മൂന്ന് കുട്ടികളുടെ പിതാവായ ബയോഡ് തിങ്കളാഴ്ച 1:30ന് വായിക്കാൻ ആരംഭിച്ചു. തുടർന്ന് അഞ്ച് ദിവസത്തിനുള്ളിൽ 120 മണിക്കൂർ ദൈർഘ്യമേറിയ മാരത്തൺ വായന നടത്തി റെക്കോർഡ് നേടുകയായിരുന്നു.
നിലവിൽ 2008ൽ 113 മണിക്കൂർ 15 മിനിറ്റ് ദൈർഘ്യമുള്ള വായന നടത്തിയ നേപ്പാളുകാരനായ ദീപക് ശർമ്മയുടെ റെക്കോർഡാണ് ബയോഡ് മറികടന്നത്.
ഒരു വ്യക്തിയെന്ന നിലയിൽ ഞാൻ ചെയ്തിട്ടുള്ള ഏറ്റവും സാഹസികതയാണ് ഇത്. ഒരു വ്യക്തിയ്ക്ക് തുടർച്ചയായ 5 ദിവസം നിർത്താതെ വായിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും നൈജീരിയയിൽ സംസ്ക്കാരം വായിക്കുന്നതിനും എഴുതുന്നതിനും അവബോധം സൃഷ്ടിക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യമെന്നും ബയോഡ് വ്യക്തമാക്കി.
എല്ലാ ദിവസവും ഭക്ഷണം കഴിക്കാനും ,ഉറങ്ങാനും കുളിക്കാനുമായി 20 മിനിട്ട് വിധം ലഭിച്ചു, എന്നാൽ നന്നായി ഉറങ്ങിയിരുന്നില്ലെന്നും പക്ഷേ ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ബയോഡ് കൂട്ടിച്ചേർത്തു. 122 മണിക്കൂറോളം ഉറക്കെ വായിച്ച ബയോഡ് ഓരോ 24 മണിക്കൂറിലും രണ്ട് മണിക്കൂർ മാത്രമാണ് ഇടവേളയായി എടുത്തത്.
ബയോഡിന്റെ ആരോഗ്യ സ്ഥിതി നിരീക്ഷിക്കുന്നതിന് ആംബുലൻസും , ഡോക്ടർമാരും ലൈബ്രറിയിൽ സജ്‌ജമായിരുന്നു. തന്റെ ഭർത്താവിന്റെ നേട്ടത്തിൽ അഭിമാനിക്കുന്നുവെന്നും എല്ലാവരും അദ്ദേഹത്തെ പിന്തുണച്ചതിൽ സന്തോഷമുണ്ടെന്നും ഭാര്യ ടോസിൻ പറഞ്ഞു.
റിപ്പോർട്ട് : രേഷ്മ പി.എം