തിരുവനന്തപുരം: ഡിജിപിയുടെ പേരില്‍ വ്യാജ വാട്‌സ്ആപ്പ് സന്ദേശം അയച്ച് അധ്യാപികയുടെ പക്കല്‍ നിന്നും 14 ലക്ഷം തട്ടിയെടുത്ത കേസില്‍ പ്രതി പിടിയില്‍. നൈജീരിയന്‍ പൗരന്‍ റൊമാനസ് ക്ലിബൂസ് ആണ് ഡല്‍ഹിയില്‍ അറസ്റ്റിലായത്. തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പൊലീസാണ് ഡല്‍ഹിയിലെത്തി പ്രതിയെ പിടികൂടിയത്.
ഓണ്‍ലൈന്‍ ലോട്ടറിയടിച്ചെന്ന് വിശ്വസിപ്പിച്ചാണ് അധ്യാപികയില്‍നിന്ന് 14 ലക്ഷം രൂപ തട്ടിയെടുത്തത്. നികുതിയടച്ചില്ലെങ്കില്‍ നിയമനടപടി നേരിടേണ്ടി വരുമെന്ന് സംസ്ഥാന പൊലീസ് മേധാവിയുടെ വ്യാജ വാട്‌സാപ്പില്‍നിന്ന് അധ്യാപികയ്ക്ക് സന്ദേശം വന്നിരുന്നു. ഇതേ തുടര്‍ന്നാണ് ഇവര്‍ പണം നല്‍കിയത്.
പ്രതികള്‍ വാട്‌സാപ്പ് സന്ദേശമയച്ച മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ ഡല്‍ഹിയിലുണ്ടെന്ന സൂചന ലഭിച്ചത്. മൊബൈല്‍ ടവര്‍, കോള്‍ രജിസ്റ്റര്‍ എന്നിവയെ പിന്തുടര്‍ന്നാണ് സൈബര്‍ പൊലീസ് ഡിവൈഎസ്പി ശ്യാംലാലിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയത്. സിഐ പി ബി വിനോദ്കുമാര്‍, എസ്‌ഐ കെ ബിജുലാല്‍, എഎസ്‌ഐമാരായ എന്‍ സുനില്‍കുമാര്‍, കെ ഷിബു, സിപിഒമാരായ വി യു വിജീഷ്, എസ് സോനുരാജ് എന്നിവരാണ് ഡല്‍ഹിയില്‍ അന്വേഷണത്തിന് എത്തിയത്.