ലാഗോസ്: ബൊക്കോ ഹറാം ഭീകരുടെ പിടിയില്‍ നിന്നും നൈജീരിയന്‍ സൈന്യം 195 ബന്ദികളെ മോചിപ്പിക്കുകയും നിരവധി ഭീകരന്മാരെ വധിക്കുകയും ചെയ്തു.
അവരുടെ പക്കല്‍ നിന്നുംരണ്ട് ട്രക്ക്, 180 മോട്ടോര്‍ സൈക്കിള്‍, 750 സൈക്കിള്‍ ഒരു ജനറേറ്റര്‍ ഉള്‍പ്പെടെ നിരവധി സാമഗ്രഹികളും കണ്ടുകെട്ടിയതായി സൈന്യം അറിയിച്ചു. ഗ്രാമവാസികളെ ആക്രമിക്കാനായി മറ്രുവാഹനങ്ങള്‍ ഇല്ലാത്തതിനാല്‍ സൈക്കിളായിരുന്നു ഭീകരന്മാര്‍ ഉപയോഗിച്ചിരുന്നതെന്നും അറിയുന്നു.
കൂടാതെ 300 പശുക്കള്‍, 200 ചെമ്മരിയാടുകള്‍, 130 ആടുകള്‍ എന്നിവയെയും അവരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. കാമറൂണ്‍ സൈന്യം ബൊക്കോ ഹറാമിനെിരെ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് സംഘടനയ്ക്ക് അടുത്ത തിരിച്ചടി നേരിടേണ്ടി വന്നിരിക്കുന്നത്. മെഷീന്‍ ഗണ്ണുകള്‍, റോക്കറ്റ് ലോഞ്ചറുകള്‍, എകെ 47, ഗ്രനേഡുകള്‍ എന്നിവ അന്ന് നടന്ന ആക്രമണത്തില്‍ ഭീകരന്മാരില്‍ നിന്നും കാമറൂണ്‍ സൈന്യം പിടിച്ചെടുത്തിരുന്നു.
സ്വതന്ത്ര ഇസ്ലാമിക് രാഷ്ട്രത്തിനായി കഴിഞ്ഞ ആറുവര്‍ഷമായി ബൊക്കോ ഹറാം ആഫ്രിക്കയിലെ ഏറ്റവും ജനവാസമുള്ള നൈജീരിയയില്‍ നടത്തിയ ഭീകര പ്രവര്‍ത്തനത്തില്‍ 2.6 മില്യന്‍ പേരാണ് ഭവനരഹിതരായത്. കൂടാതെ 17000ത്തോളം പേരെ അവര്‍ കൊലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.