മറാകെഷ് : ആഫ്രിക്കന്‍ ഫുട്ബോളിലെ കഴിഞ്ഞവര്‍ഷത്തെ മികച്ച ഫുട്ബോള്‍ താരത്തിനുള്ള പുരസ്‌കാരം നൈജീരിയയുടെ വിക്ടര്‍ ഒസിംഹെന്‍ സ്വന്തമാക്കി. ഇറ്റാലിയന്‍ ക്ലബ്ബ് നാപ്പോളിക്ക് കളിക്കുന്ന വിക്ടര്‍ ലിവര്‍പൂളിന്റെ ഈജിപ്ത് താരം മുഹമ്മദ് സലയെയും മൊറോക്കോയുടെ അഷ്ഫറ് ഹക്കീമിയെയും പിന്തള്ളിയാണ് പുരസ്‌കാരം നേടിയത്.
വനിതാ വിഭാഗത്തിലും നൈജീരിയന്‍ താരത്തിനാണ് പുരസ്‌കാരം. അസിസാത് ഓഷോലയാണ് മികച്ച താരം. ആറാം തവണയാണ് മികച്ച താരമാകുന്നത്. ക്ലബ്ബ് ഫുട്ബോളില്‍ സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയ്ക്കായിട്ടാണ് കളിക്കുന്നത്.
1999-ല്‍ നുവാന്‍കോ കാനു പുരസ്‌കാരം നേടിയതിനുശേഷം ആദ്യമായാണ് നൈജീരിയന്‍ താരത്തിന് നേട്ടം സ്വന്തമാകുന്നത്. മുന്നേറ്റനിരതാരമായ 24-കാരന്‍ ഒസിംഹെന്‍ നാപ്പോളിക്കായി 32 കളിയില്‍നിന്ന് 26 ഗോള്‍ നേടിയിരുന്നു. നാപ്പോളി സീരി എ കിരീടം നേടുന്നതില്‍ മുഖ്യപങ്കും വഹിച്ചു. ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് യോഗ്യതാ റൗണ്ടില്‍ നൈജീരിയക്കായി നാല് കളിയിലായി അഞ്ച് ഗോളും നേടി.