തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി രാത്രി കര്‍ഫ്യൂ ഇന്ന് മുതല്‍ നടപ്പിലാക്കും. രാത്രി 10 മണി മുതല്‍ രാവിലെ ആറ് മണി വരെയാണ് കര്‍ഫ്യൂ. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം അനുമതിയോടെ യാത്ര അനുവദിക്കുന്ന തരത്തിലാണ് കര്‍ഫ്യൂ നടപ്പാക്കുന്നത്. കര്‍ഫ്യൂ ശക്തമാക്കാന്‍ കര്‍ശനപരിശോധനകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അനാവശ്യ യാത്രകള്‍ അനുവദിക്കില്ല. കര്‍ഫ്യൂ ലംഘിക്കുന്നവര്‍ക്കെതിരേ നടപടിയെടുക്കും.
അവശ്യസര്‍വീസുകള്‍ ഒഴികെയുള്ളവയ്ക്ക് നിയന്ത്രണമുണ്ടാകും. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് രാത്രിയാത്രാ നിയന്ത്രണം. കെ.എസ്.ആര്‍.ടി.സി. ബസുകള്‍ ഓടും. പൊതുഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലാത്തതിനാലാണ് ഇതെന്ന് അധികൃതര്‍ അറിയിച്ചു. ബസുകളെ സംബന്ധിച്ച വിവരങ്ങള്‍ ഓണ്‍ലൈന്‍ ബുക്കിങ് സൈറ്റില്‍ ലഭിക്കും. ജനസംഖ്യാനുപാതിക പ്രതിവാര രോഗനിരക്ക് ഏഴില്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ തിങ്കളാഴ്ച മുതല്‍ ലോക്ഡൗണുണ്ടാകും. നേരത്തേ ഇത് എട്ടായിരുന്നു.
അതേസമയം പകല്‍ സമയത്ത് സാധനങ്ങള്‍ വാങ്ങാനെത്തുന്നവരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി കടയുടമകളെ വിളിച്ചു ചേര്‍ത്തുള്ള പൊലീസിന്റെ യോഗവും ഉടനെ നടക്കും. വാര്‍ഡുകളിലെ ലോക്ക്ഡൗണ്‍, പ്രതിവാര രോഗബാധിതജനസംഖ്യാ അനുപാതം ഏഴ് ശതമാനത്തിന് മുകളിലുള്ള സ്ഥലങ്ങളിലേക്ക് മാറ്റുന്നതും ഈയാഴ്ച്ച നടപ്പാക്കും. മറ്റന്നാള്‍ നിയന്ത്രണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ദ്ധരെ വിളിച്ചുചേര്‍ത്തുള്ള നിര്‍ണായക യോഗവും നടക്കും.
ഇളവുകള്‍
* അവശ്യസര്‍വീസുകള്‍, രോഗികളുമായി ആശുപത്രിയില്‍ പോകാന്‍, രോഗികളുടെ കൂട്ടിരിപ്പുകാരുടെ യാത്രയ്ക്ക്.
* അവശ്യസേവന വിഭാഗത്തിലുള്ളവര്‍ക്ക്.
* ചരക്ക് വാഹനങ്ങള്‍ക്ക്.
* അടുത്തബന്ധുക്കളുടെ മരണവുമായി ബന്ധപ്പെട്ട യാത്രകള്‍ക്ക്.
* രാത്രി 10നുമുമ്പ് ദിര്‍ഘദൂര യാത്ര ആരംഭിച്ചവര്‍ക്ക്.
* വിമാനത്താവളം, റെയില്‍വേ സ്‌റ്റേഷന്‍ എന്നിവിടങ്ങളിലേക്ക് യാത്രാ ടിക്കറ്റ് കാണിച്ച് യാത്രചെയ്യാം.
* മറ്റെല്ലാ യാത്രകള്‍ക്കും അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍നിന്നുള്ള അനുമതി ആവശ്യം.