ബെംഗളൂരുവില്‍ ലഹരി പാര്‍ട്ടി; മലയാളി ഉള്‍പ്പെടെ 28 പേര്‍ അറസ്റ്റില്‍

ബെംഗളൂരു: ജംഗിള്‍ സഫാരിയുടെ മറവില്‍ ലഹരി പാര്‍ട്ടി നടത്തിയ കേസില്‍ മലയാളി ഉള്‍പ്പെടെ 28 പേരെ അറസ്റ്റ് ചെയ്ത് ബെംഗളൂരു പൊലീസ്. അനേക്കലിലെ ഒരു സ്വകാര്യ റിസോര്‍ട്ടില്‍ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. ഇന്നലെ രാത്രിയാണ് പരിശോധന നടത്തിയത്. ജംഗിള്‍ സഫാരിയുടെ മറവിലായിരുന്നു മരിജ്വാന, കൊക്കെയ്ന്‍ എന്നിവ ഉള്‍പ്പെടെ ഉപയോഗിച്ചുള്ള പാര്‍ട്ടി.

റഷ്യയില്‍ നിന്ന് മോഡലുകളേയും ഡി.ജെയെയും എത്തിച്ചാണ് ലഹരി പാര്‍ട്ടി സംഘടിപ്പിച്ചിരുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ഇതില്‍ പങ്കെടുത്തിരുന്നു. പാര്‍ട്ടിയില്‍ ഡാന്‍സ് ചെയ്ത എല്ലാവരും ലഹരി ഉപയോഗിച്ചിരുന്നതായും പൊലീസ് കണ്ടെത്തി.

കര്‍ഫ്യൂവും കോവിഡ് നിയന്ത്രണങ്ങളും ശക്തമായി നിലനില്‍ക്കുന്ന കര്‍ണാടകയില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചാണ് പാര്‍ട്ടി സംഘടിപ്പിച്ചത്. സംഘത്തില്‍ ഒരു മലയാളിയാണുണ്ടായിരുന്നത്. അറസ്റ്റിലായവരുടെ വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു. വലിയ അളവില്‍ ലഹരി മരുന്നുകളും കണ്ടെടുത്തുവെന്നാണ് വിവരം.

പൊലീസ് സംഘത്തെ കണ്ടപ്പോള്‍ പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചുവെന്നും എന്നാല്‍ എല്ലാവരേയും പിടികൂടിയെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പിടിയിലായവര്‍ കൂടുതലും അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ്.

Top