ഇടുക്കി: വാഗമണ്‍ നിശാപാര്‍ട്ടി മയക്കുമരുന്നു കേസില്‍ 9 പേര്‍ അറസ്റ്റില്‍. 8 യുവാക്കളും ഒരു യുവതിയുമാണ് അറസ്റ്റിലായിരിക്കുന്നത്. ഇവരാണ് പാര്‍ട്ടി സംഘടിപ്പിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിയവരാണ് അറസ്റ്റിലായിരിക്കുന്നത്. പാര്‍ട്ടിയില്‍ 60 പേര്‍ പങ്കെടുത്തെന്ന് എഎസ്പി എസ് സുരേഷ് കുമാര്‍ പറഞ്ഞു. പ്രതികളെ വൈദ്യപരിശോധയ്ക്ക് വിധേയരാക്കിയിരിക്കുകയാണ്.
ബംഗളൂരു, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നാണ് ലഹരിവസ്തുക്കള്‍ എത്തിച്ചത്. എല്‍ എസ് ഡി അടക്കമുള്ള ലഹരിവസ്തുക്കള്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. സോഷ്യല്‍ മീഡിയ വഴിയാണ് പാര്‍ട്ടിയിലേയ്ക്ക് ആളുകളെ സംഘാടകര്‍ എത്തിച്ചത്. സുഹൃത്തുക്കളായ 3 പേരുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായിട്ടായിരുന്നു പാര്‍ട്ടി സംഘടിപ്പിച്ചത്. പങ്കെടുത്തവരുടെയും സംഘാടകരുടെയും ഫോണ്‍ രേഖകളും പൊലീസ് പരിശോധിച്ചു വരികയാണ്.
വാഗമണ്‍ റിസോര്‍ട്ടിലെ 12 മുറികളും ഇവര്‍ ബുക്ക് ചെയ്തിരുന്നു. മഹര്‍ സാക്കി എന്ന ഡിസ്‌ക്കോ ജോക്കിയും പാര്‍ട്ടിയ്ക്കു വേണ്ടി പണം നല്‍കിയിരുന്നു. പുലരും വരെ പാര്‍ട്ടി നടത്താനായിരുന്നു തീരുമാനം. ഇതിന് മുന്‍പ് കൊച്ചിയിലും കൊല്ലത്തും ലോക്ഡൗണ്‍ സമയത്ത് പാര്‍ട്ടികള്‍ നടത്തിയിരുന്നു.
വാഗമണ്‍ നിശാപാര്‍ട്ടി നടന്ന റിസോര്‍ട്ട് ഉടമയും സിപിഐ ഏലപ്പാറ ലോക്കല്‍ സെക്രട്ടറിയുമായ ഷാജി കുറ്റിക്കാട്ടിലിനെ പാര്‍ട്ടി പുറത്താക്കി. ഷാജി കുറ്റക്കാട്ടിലിനെതിരെ കോണ്‍ഗ്രസും ഇതിനോടകം രംഗത്തെത്തിക്കഴിഞ്ഞു.