തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഗ്രാമ വികസന വകുപ്പ് ഓഫീസിലെ നൈറ്റ് വാച്ചര്‍ ഓഫീസിനുള്ളില്‍ തൂങ്ങി മരിച്ചു. മരിക്കാന്‍ പോവുകയാണെന്ന് ഭാര്യയേയും സഹപ്രവര്‍ത്തകരേയും അറിയിച്ചശേഷമാണ് കാട്ടാക്കട മൈലക്കരയില്‍ ചന്ദ്രമോഹനത്തില്‍ മോഹനന്‍-ചന്ദ്രിക ദമ്പതികളുടെ മകന്‍ രാജേഷ് (38) തൂങ്ങി മരിച്ചത്. ഇന്ന് രാവിലെ ഇന്‍ക്വസ്റ്റ് തയ്യാറാക്കിയശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ശിവദേവ്, ശിവനന്ദ് എന്നിവര്‍ മക്കളാണ്.
ഇന്നലെ വൈകുന്നേരം ആറുമണിയോടെ വീട്ടില്‍ നിന്ന് ഓഫീസിലേക്ക് പുറപ്പെട്ട രാജേഷ് രാത്രി പത്തുമണിയോടെ ഭാര്യ ധന്യയെ ഫോണില്‍ വിളിച്ച് മരിക്കാന്‍ പോവുകയാണെന്നും കുട്ടികളെ നോക്കിക്കൊള്ളണമെന്നും പറഞ്ഞു. എന്നാല്‍ മദ്യപാന സ്വഭാവമുള്ള രാജേഷ് ഇടയ്ക്കിടെ ഇത്തരത്തില്‍ സംസാരിക്കാറുള്ളതിനാല്‍ ധന്യ അത്ര കാര്യമാക്കിയില്ല.
അതിനുശേഷം ഓഫീസ് ജീവനക്കാരനായ മുരളിയെ വിളിച്ച് ഓഫീസില്‍ പ്‌ളാസ്റ്റിക്ക് കയറുണ്ടോയെന്ന് അന്വേഷിക്കുകയും രാത്രിയില്‍ കയറിന്റെ ആവശ്യമെന്താണെന്ന് ചോദിച്ചപ്പോള്‍ മരിക്കാന്‍ പോകുകയാണെന്നും പറഞ്ഞ് ഫോണ്‍ കട്ട് ചെയ്യുകയുമായിരുന്നു. മുരളി ഉടന്‍ തന്നെ രാജേഷിനെ തിരിച്ച് വിളിച്ചെങ്കിലും പ്രതികരണം ഉണ്ടാകാത്തതിനെ തുടര്‍ന്ന് ഈ വിവരം ഓഫീസ് മേധാവിയെ അറിയിച്ചു. ഇതിനുശേഷം ഓഫീസിലെത്തി നോക്കുമ്പോഴാണ് രാജേഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.