കശ്മീര്‍ തീവ്രവാദികളുടെ പേടി സ്വപ്നം ഇനി മണിപ്പൂരില്‍, കലാപകാരികള്‍ ഭയക്കണം

ന്യൂഡല്‍ഹി: കശ്മീര്‍ തീവ്രവാദികളുടെ പേടി സ്വപ്നമായ രാകേഷ് ബല്‍വാലിനെ മണിപ്പൂരില്‍ നിയോഗിച്ച പശ്ചാത്തലത്തില്‍ , ഇനി കലാപകാരികള്‍ ശരിക്കും ഭയക്കണം. രണ്ടു വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്തയോടെ വീണ്ടും ആളിപ്പടര്‍ന്ന മണിപ്പുരിലെ പ്രതിഷേധം നിയന്ത്രിക്കാനാണ് , കേന്ദ്ര സര്‍ക്കാര്‍ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനായ രാകേഷ് ബല്‍വാലിനെ നിയോഗിച്ചിരിക്കുന്നത്. 2021 ഡിസംബര്‍ മുതല്‍ ശ്രീനഗര്‍ സീനിയര്‍ സൂപ്രണ്ട് ഓഫ് പൊലീസ് ആയി സേവനം അനുഷ്ഠിച്ചിരുന്ന ബല്‍വാലിനെ കാലാവധി പൂര്‍ത്തിയാകും മുന്‍പ് പെട്ടെന്നാണ് മണിപ്പുരിലേക്കു സ്ഥലംമാറ്റിയിരിക്കുന്നത്.

പുല്‍വാമ ഭീകരാക്രമണ കേസ് ഉള്‍പ്പെടെയുള്ളവ തെളിയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ബല്‍വാലിനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മണിപ്പുരിലേക്കു നിയോഗിച്ചത് മണിപ്പൂരിലെ പൊലീസ് സേനക്കും ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്.ദേശീയ അന്വേഷണ ഏജന്‍സിയുടെ എസ്പിയായി സേവനം അനുഷ്ഠിക്കവെയാണ് 2019ല്‍ 40 സിആര്‍പിഎഫ് ജവാന്മാരെ കൊലപ്പെടുത്തിയ പുല്‍വാമ ആക്രമണക്കേസ് അന്വേഷണ സംഘത്തെ നയിക്കാനുള്ള ചുമതല ഈ ഐ.പി.എസ് ഓഫീസര്‍ക്ക് ലഭിച്ചിരുന്നത്. കേസ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നതിന് ഒരുതുമ്പും ഇല്ലാതിരിക്കുന്ന അവസ്ഥയായിരുന്നു അന്നുണ്ടായിരുന്നത്. എന്നാല്‍, ചാവേറില്‍നിന്നു കണ്ടെടുത്ത ഫോണ്‍ പരിശോധനയ്ക്ക് അയച്ചതോടെയാണ് ബല്‍വാലിന് പ്രധാന ലീഡ് ലഭിച്ചിരുന്നത്. തുടര്‍ന്ന് നടന്നതെല്ലാം രാജ്യം അറിഞ്ഞ യാഥാര്‍ത്ഥ്യങ്ങളാണ്.

2020 ഓഗസ്റ്റില്‍ 13,500 പേജ് കുറ്റപത്രമാണ് എന്‍ഐഎ കേസില്‍ ഫയല്‍ ചെയ്തത്. കേസ് അന്വേഷണത്തിലെ മികവിന് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ‘മെഡല്‍ ഫോര്‍ എക്‌സലന്‍സ് ഇന്‍ ഇന്‍വെസ്റ്റിഗേഷന്‍’ പുരസ്‌കാരം 2021ല്‍ ലഭിച്ചു. എന്‍ഐഎയില്‍ ഡപ്യൂട്ടേഷനു പോകും മുന്‍പ് ചുരാചന്ദ്പുരിലെ എസ്പിയായിരുന്നു ബല്‍വാല്‍. അവിടെയാണ് മേയില്‍ ആദ്യ സംഘര്‍ഷം ഉണ്ടാകുന്നത്. തോബാലിലും ഇംഫാലിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

2012 ബാച്ച് മണിപ്പുര്‍ കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനാണ് ജമ്മുവിലെ ഉധംപുര്‍ സ്വദേശിയായ ബല്‍വാല്‍. 2021ല്‍ അദ്ദേഹത്തെ മൂന്നുവര്‍ഷത്തേക്ക് എജിഎംയുടി (അരുണാചല്‍ പ്രദേശ് – ഗോവ – മിസോറം – കേന്ദ്ര ഭരണപ്രദേശങ്ങള്‍) എന്നതിലേക്ക് സ്ഥലംമാറ്റിയിരുന്നു. മൂന്നുവര്‍ഷം പൂര്‍ത്തിയാകുന്നതിനുമുന്‍പുതന്നെ അദ്ദേഹത്തെ സ്വന്തം കേഡറിലേക്കു മാറ്റുകയാണ് ആഭ്യന്തര മന്ത്രാലയം ചെയ്തിരിക്കുന്നത്. മേയില്‍ ആരംഭിച്ച സംഘര്‍ഷം നിയന്ത്രണവിധേയമാക്കാനും കേസുകളുടെ അന്വേഷണത്തിനുമായി നാല്‍പ്പതോളം ഐപിഎസ് ഉദ്യോഗസ്ഥരെയാണ് മണിപ്പൂരില്‍ നിയോഗിച്ചിരിക്കുന്നത്. സിബിഐയുടെ 10 ഉന്നതതല ഉദ്യോഗസ്ഥരെ ഈയാഴ്ച ആദ്യവും മണിപ്പുരിലേക്കു നിയോഗിച്ചിരുന്നു. നിലവിലെ മണിപ്പുര്‍ പൊലീസ് മേധാവിയായ രാജീവ് സിങ്ങിന്റെ കേഡര്‍ ത്രിപുരയായിരുന്നു. സിആര്‍പിഎഫ് ആസ്ഥാനത്തെ ഐജിയായിരുന്ന അദ്ദേഹത്തെ കേഡര്‍ മാറ്റി മണിപ്പുരിലെത്തിച്ചാണ് ഡിജിപിയാക്കുകയായിരുന്നത്.

കശ്മീരിലെ ക്രമസമാധാനം തീരെ മോശമായ അവസ്ഥയിലാണ് ബല്‍വാലിനെ കേന്ദ്രം ശ്രീനഗറിലേക്കു നിയോഗിച്ചിരുന്നത്. പ്രദേശവാസിയല്ലാത്തവരെ ലക്ഷ്യമിട്ട് ആക്രമണം വര്‍ധിച്ച അവസ്ഥയിലായിരുന്നു ശ്രീനഗര്‍. അദ്ദേഹത്തിന്റെ കൃത്യമായ മുന്നൊരുക്കങ്ങളും മറ്റും കാരണം 2021 ഡിസംബറിനുശേഷം ശ്രീനഗറില്‍ അത്തരമൊരു ലക്ഷ്യംവച്ചുള്ള കൊലകള്‍ ഉണ്ടായിട്ടില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബല്‍വാലിന്റെ കാലത്തായിരുന്നു 30 വര്‍ഷങ്ങള്‍ക്കുശേഷം ശ്രീനഗറിന്റെ വീഥികളിലൂടെ മുഹറം ഘോഷയാത്ര കടന്നുപോയത്. ഈ വര്‍ഷം സ്വാതന്ത്ര്യദിന ചടങ്ങുകളില്‍ പൊതുജനത്തിന് പങ്കാളിത്തം നല്‍കിയതും അദ്ദേഹമാണ്. ജി20ന്റെ ടൂറിസം വര്‍ക്കിങ് ഗ്രൂപ്പ് യോഗവും ഇദ്ദേഹത്തിന്റെ കാലയളവില്‍ സമാധാനമായി നടത്തുകയുണ്ടായി.

Top