nike continue business deal mariya sharapova

പാരീസ്: മുന്‍ ലോക ഒന്നാം നമ്പര്‍ ടെന്നിസ് താരം മരിയ ഷറപ്പോവയുമായുള്ള ബിസിനസ് കരാര്‍ തുടരുമെന്നു പ്രമുഖ സ്‌പോര്‍ട്‌സ് ബ്രാന്‍ഡായ നൈക്കി. ഉത്തേജകമരുന്നുപയോഗം തെളിയിക്കപ്പെട്ട സാഹചര്യത്തില്‍ ഷറപ്പോവയെ അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷന്‍ രണ്ടു വര്‍ഷത്തേക്കു കഴിഞ്ഞ ദിവസം വിലക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണു നൈക്കി തങ്ങളുടെ നിലപാടുമായി രംഗത്തെത്തിയത്.

ഷറപ്പോവ മരുന്നടി വിവാദത്തില്‍ തെറ്റ് ഏറ്റുപറഞ്ഞതാണ്. ഫെഡറേഷന്റെ വിധിക്കെതിരേ അവര്‍ അപ്പീല്‍ പോകുമെന്ന് അറിയിച്ചതുമാണ്. ഇതിനാലാണു കരാര്‍ തുടരാന്‍ തീരുമാനിച്ചതെന്നു നൈക്കി അധികൃതര്‍ അറിയിച്ചു.

ഷറപ്പോവ അന്വേഷണം നേരിടുന്ന സാഹചര്യത്തില്‍ കരാര്‍ റദ്ദാക്കുമെന്നു നേരത്തേ നൈക്കി അറിയിച്ചിരുന്നതാണ്.കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെ പത്തു കോടിയോളം ഡോളര്‍ സ്‌പോണ്‍സര്‍ഷിപ്പ് ഇനത്തില്‍ നൈക്കി ഷറപ്പോവയ്ക്കു നല്‍കിയിട്ടുണ്ട്.

ലോകോത്തര ബ്രാന്‍ഡുകളായ പോര്‍ഷെ, നൈക്കി, കാനന്‍, കോള്‍ഹാന്‍ തുടങ്ങിയവയുടെ ബ്രാന്‍ഡ് അംബാസഡറാണു ഷറപ്പോവ. ഫോര്‍ബ്‌സിന്റെ കണക്കു പ്രകാരം 2015ല്‍ മൂന്നു കോടി ഡോളറാണു ഷറപ്പോവയുടെ പരസ്യവരുമാനം.

ഫ്‌ളോറിഡയിലും കലിഫോര്‍ണിയയിലും ആഡംബര വസതിയുള്ള ഷറപ്പോവ വലിയ ബിസിനസ് സംരംഭക കൂടിയാണ്. ഷുഗര്‍പോവ എന്ന പേരില്‍ മിഠായിക്കമ്പനിയും ഷറപ്പോവയ്ക്കുണ്ട്.

.

Top